‍ ജി. മാധവന്‍ നായരെ സി.ബി.ഐ ചോദ്യം ചെയ്തു

07:55pm 12/5/2016
images (7)
ന്യൂഡല്‍ഹി: ആന്‍ട്രിക്‌സ്-ദേവാസ് ഇടപാടില്‍ ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍മാന്‍ ജി. മാധവന്‍ നായരെ ചോദ്യം ചെയ്തു. സി.ബി.ഐ ആണ് മാധവന്‍ നായരെ ചോദ്യം ചെയ്തത്. പൊതുമുതല്‍ സ്വകാര്യ ലാഭത്തിന് വിട്ടുകൊടുത്തുവെന്നാണ് മാധവന്‍ നായര്‍ക്കെതിരായ ആരോപണം. ഡല്‍ഹിയിലെ സി.ബി.ഐ ഓഫീസില്‍ വിളിച്ചു വരുത്തിയാണ് മാധവന്‍ നായരെ ചോദ്യം ചെയ്തത്.
സ്വകാര്യ കമ്പനിയെ സഹായിക്കാന്‍ വിവരങ്ങള്‍ കേന്ദ്ര മന്ത്രിസഭയില്‍ നിന്ന് മാറ്റിവച്ചുവെന്നും നിരവധി നയങ്ങളും നടപടി ക്രമങ്ങളും ഐ.എസ്.ആര്‍.ഒ ലംഘിച്ചുവെന്നും സി.എ.ജി റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നുണ്ട്. ഐ.എസ്.ആര്‍.ഒയില്‍ നിന്ന് വിരമിച്ച ഉദ്യോഗസ്ഥരായ ഡി. വേണുഗോപാല്‍, എം.ജി ചന്ദ്രശേഖര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള ദേവാസ് കമ്പനിയുടെ ലാഭത്തിന് വേണ്ടി ഐ.എസ്.ആര്‍.ഒ തലവനായിരുന്ന മാധവന്‍ നായര്‍ സര്‍ക്കാരിന്റെ താല്‍പ്പര്യം ബലികഴിച്ചുവെന്നാണ് ആരോപണം. 2010ലാണ് ആന്‍ട്രിക്‌സ് ദേവാസ് ഇടപാട് നടന്നത്.
ജിസാറ്റ്-6, ജിസാറ്റ്-6എ എന്നീ ഉപഗ്രഹങ്ങളുടെ 90 ശതമാനവും ദേവാസ് എന്ന കമ്പനിക്ക് മാത്രമായി നല്‍കുന്നത് മറച്ചുവച്ചാണ് അംഗീകാരം നേടിയത്. മറ്റ് കമ്പനികള്‍ക്ക് അവസരം നല്‍കാതെ മന്ത്രിസഭയുടെ അനുമതി നേടുന്നതിന് മുമ്പ് ദേവാസുമായി കരാര്‍ ഒപ്പിട്ടതാണ് ഇടപാടിലെ ക്രമക്കേട്. ഇതുവഴി സര്‍ക്കാരിന് കോടികളുടെ നഷ്ടം സംഭവിച്ചുവെന്നാണ് റിപ്പോര്‍ട്ട്. ‍