ആചാരലംഘനത്തിനെതിരേ ശബരിമലയില്‍ ഒരുകോടി ഭക്‌തരുടെ ഒപ്പുശേഖരണം

08:10am 16/5/2016
1463339200_1463339200_l1605k
ശബരിമല: ശബരിമലയില്‍ പത്തുവയസിനു മുകളിലും 50 വയസിനു താഴെയുമുള്ള സ്‌ത്രീകളെ ആചാരാനുഷ്‌ഠാനത്തിനു വിരുദ്ധമായി പ്രവേശിപ്പിക്കാന്‍ പാടില്ലെന്ന്‌ ആവശ്യപ്പെട്ട്‌ ദേവസ്വം ബോര്‍ഡിന്റെ നേതൃത്വത്തില്‍ ഒരു കോടി ഭക്‌തര്‍ ഒപ്പിടുന്ന ഭീമഹര്‍ജി തയാറാക്കാനുള്ള നടപടി ശബരിമലയില്‍ തുടങ്ങി. ഭീമഹര്‍ജിയുടെ ഉദ്‌ഘാടനം ശബരിമലതന്ത്രി കണ്‌ഠര്‌ മഹേഷ്‌ മോഹനര്‌ നിര്‍വഹിച്ചു. ദേവസ്വം ബോര്‍ഡ്‌ പ്രസിഡന്റ്‌ പ്രയാര്‍ ഗോപാലകൃഷ്‌ണന്‍ അധ്യക്ഷത വഹിച്ചു.
ശബരിമലയിലെ പത്ത്‌ കൗണ്ടറുകളിലൂടെയാണ്‌ ഒപ്പുശേഖരണം നടത്തുന്നത്‌. രാഷ്‌ട്രപതിക്കും പ്രധാനമന്ത്രിക്കും സമര്‍പ്പിക്കാനാണു ഹര്‍ജി. ശബരിമല മേല്‍ശാന്തി, മാളികപ്പുറം മേല്‍ശാന്തി, ദേവസ്വം കമ്മിഷണര്‍, എക്‌സിക്യൂട്ടീവ്‌ ഓഫീസര്‍, അസി. എക്‌സിക്യൂട്ടീവ്‌ ഓഫീസര്‍, അഡ്‌മിനിസ്‌ട്രേറ്റീവ്‌ ഓഫീസര്‍ എന്നിവര്‍ പങ്കെടുത്തു.
കോടതി നിര്‍ദേശിച്ചാലും ആചാരം ലംഘിച്ച്‌ സ്‌ത്രീകളെ ശബരിമലയില്‍ കയറ്റില്ലെന്ന്‌ ദേവസ്വം ബോര്‍ഡ്‌ പ്രസിഡന്റ്‌ പ്രയാര്‍ ഗോപാലകൃഷ്‌ണന്‍ പറഞ്ഞു. കഠിനവ്രതാനുഷ്‌ഠാനം നടത്താന്‍ കഴിയാത്ത സ്‌ത്രീകളുടെ സുരക്ഷയെ കരുതിയാണു കൊടുംവനത്തില്‍ കോടിക്കണക്കിന്‌ അയ്യപ്പന്‍മാര്‍ എത്തുന്ന ശബരിമലയില്‍ വിലക്ക്‌ കല്‍പ്പിച്ചിരിക്കുന്നത്‌. എന്തുവിലകൊടുത്തും ദേവഹിതം പാലിക്കുമെന്നും പ്രസിഡന്റ്‌ പറഞ്ഞു.
പമ്പ ഗണപതിസന്നിധിയില്‍ നടന്ന ഭീമഹര്‍ജിയുടെ ഒപ്പുശേഖരണം ദേവസ്വം ബോര്‍ഡ്‌ പ്രസിഡന്റ്‌ പ്രയാര്‍ ഗോപാലകൃഷ്‌ണന്‍ ഉദ്‌ഘാടനം ചെയ്‌തു. കര്‍ണാടക എം.എല്‍.എ. ശകുന്തള ഷെട്ടി ആദ്യ ഒപ്പ്‌ രേഖപ്പെടുത്തി. അയ്യപ്പസേവാ സംഘം ജനറല്‍ സെക്രട്ടറി എന്‍. വേലായുധന്‍ നായര്‍ പങ്കെടുത്തു.