09:55am 8/7/2016
വാഷിങ്ടണ്‍: ആണവ വിതരണ കൂട്ടായ്മ (എന്‍എസ്ജി) അംഗത്വത്തിന് അമേരിക്ക ഇന്ത്യയ്ക്ക് പിന്തുണ അറിയിച്ചെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയിച്ചു. യുഎസ് പ്രസിഡന്റ് ബറാക് ഒബാമയുമായി വൈറ്റ് ഹൗസില്‍ ഒന്നര മണിക്കൂര്‍ നീണ്ട ചര്‍ച്ചയ്ക്കുശേഷം നടത്തിയ സംയുക്ത വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മോദി. എന്‍എസ്ജിയിലേക്കുള്ള ഇന്ത്യയുടെ പ്രവേശനത്തെ യുഎസ് പിന്തുണയ്ക്കുന്നെന്ന് പ്രസിഡന്റ് ബറാക് ഒബാമ പറഞ്ഞു. ഇരുരാജ്യങ്ങളും തമ്മില്‍ വളരെ നല്ല ബന്ധമാണുള്ളത്. ഇക്കാര്യത്തില്‍ മോദിയുടെ നേതൃത്വത്തിന് ഞാന്‍ നന്ദി പറയുന്നെന്നും ഒബാമ പറഞ്ഞു.
ദക്ഷിണേഷ്യയിലെ സുരക്ഷാ പ്രശ്‌നങ്ങളെക്കുറിച്ചും സൈബര്‍ സുരക്ഷയെക്കുറിച്ചും കാലാവസ്ഥ വ്യതിയാനത്തെപ്പറ്റിയുള്ള പാരിസ് കരാര്‍ എത്രയും വേഗം നടപ്പാക്കുന്നതിനെക്കുറിച്ചും ഇരുനേതാക്കളും ചര്‍ച്ച ചെയ്തു.
ഇന്ത്യ ഒരു യുവരാജ്യമാണ്. ഇന്ത്യയുടെ കരുത്തിനെപ്പറ്റി യുഎസിന് നന്നായി അറിയാം. അത് ലോകക്ഷേമത്തിനായി ഉപയോഗിക്കാന്‍ ഇരുരാജ്യങ്ങളും ചേര്‍ന്നു പ്രവര്‍ത്തിക്കും. ലോക സമാധാനത്തിനും സുരക്ഷയ്ക്കും ഒന്നിച്ചു പ്രവര്‍ത്തിക്കും. രണ്ടു സുഹൃദ്രാജ്യങ്ങളെന്ന നിലയില്‍ ഇന്ത്യയും യുഎസും നേതൃപരമായ പങ്കുവഹിക്കുന്നതില്‍ ഞാന്‍ അഭിമാനിക്കുന്നു. എന്‍എസ്ജി പ്രവേശനത്തിനും തന്റെ സുഹൃത്ത് ഒബാമ വാഗ്ദാനം ചെയ്ത പിന്തുണയ്ക്ക് നന്ദി അറിയിക്കുന്നുവെന്നും മോദി പറഞ്ഞു.