ആര്യ പ്രേംജി അന്തരിച്ചു

08:49 AM 23/05/2016
arya-premji
തിരുവനന്തപുരം: ഭരത് അവാര്‍ഡ് ജേതാവും സാമൂഹിക പരിഷ്‌കര്‍ത്താവുമായ നടന്‍ പ്രേംജിയുടെ ഭാര്യ ആര്യ പ്രേംജി (99) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് തിങ്കളാഴ്ച്ച രാവിലെയായിരുന്നു അന്ത്യം. പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ നീലന്‍ മകനാണ്.

സ്‌കൂള്‍ വിദ്യാഭ്യാസം പോലും ലഭിക്കാതെ കൗമാരത്തില്‍ തന്നെ കല്ല്യാണം കഴിക്കേണ്ടി വന്ന ആര്യക്ക് 15-ാം വയസില്‍ തന്നെ വിധവയാവേണ്ടി വന്നു. 12 വര്‍ഷം വിധവയായി ജീവിച്ച ആര്യയെ 27ാം വയസില്‍ പ്രേംജി വിവാഹം കഴിച്ചു. ഇതിലൂടെ ആര്യക്ക് സമുദായം ഭൃഷ്ട് കല്‍പ്പിച്ചു. ഇ.എം.എസും വി.ടി ഭട്ടതിരിപ്പാടും വിവാഹത്തില്‍ പങ്കടുത്തിരുന്നു. വിവാഹിതയായ ആര്യക്ക് മാത്രമല്ല വിവാഹത്തില്‍ പങ്കെടുത്തവര്‍ക്കും നമ്പൂതിരി സമുദായം ഭൃഷ്ട് കല്‍പിച്ചു.

കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ ചേര്‍ന്ന് സാമൂഹിക അസമത്വത്തിനെതിരെ പോരാടിയ ആര്യ 1964 മുതലുള്ള അഞ്ച് വര്‍ഷം തൃശൂര്‍ മുനിസിപ്പാലിറ്റിയില്‍ കൗണ്‍സിലറായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

ആര്യ പ്രേംജിയുടെ ജീവിതത്തെ അധികരിച്ച് നീലന്‍ തയാറാക്കിയ അമ്മ എന്ന ഡോക്യുമെന്‍ററിക് ഈ വര്‍ഷത്തെ ദേശീയ പുരസ്‌കാരം ലഭിച്ചിരുന്നു.