09:22pm 24/05/2016
കൊച്ചി: പത്തു വർഷം പഴക്കമുള്ള 2000 സി.സിക്ക് മുകളിൽ ശേഷിയുള്ള ഡീസൽ വാഹനങ്ങൾക്ക് കേരളത്തിലെ ആറു കോർപറേഷനുകളിൽ നിരോധം. ദേശീയ ഹരിത ട്രൈബൂണലിന്റെതാണ് വിധി. 2000 സി.സിക്ക് മുകളിലുള്ള പുതിയ ഡീസൽ വാഹനങ്ങളുടെ റെജിസ്ട്രേഷനും റീ റെജിസ്ട്രേഷനും ട്രൈബൂണൽ തടഞ്ഞു. തിരുവനന്തപുരം, കൊല്ലം, കൊച്ചി, തൃശൂർ, കോഴിക്കോട്, കണ്ണൂർ എന്നിവിടങ്ങളിലാണ് നിരോധം ബാധകമാവുക.
കേരളത്തിലെ വാഹന ഡീലർമാർക്കും ഉടമകൾക്കും സെക്കണ്ട്ഹാൻഡ് വിപണിക്കും തിരിച്ചടിയാകുന്ന വിധി ഹരിത ട്രൈബൂണലിന്റെ ഏറണാകുളം സർക്യൂട്ട് ബഞ്ചിന്റെ ഉത്ഘാടന ദിവസമാണ് വന്നത്. ലോയേർസ് എൻവയൺമെന്റ് അവെയർനസ് ഫോറം (ലീഫ്) എന്ന സംഘടന നൽകിയ ഹരജിയിൽ ജസ്റ്റിസ് സ്വതന്ത്രകുമാർ അധ്യക്ഷനായ ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്. എന്നാൽ, പൊതു ആവശ്യങ്ങള്‍ക്കുള്ള വാഹനങ്ങള്‍ക്ക് ഇളവ് അനുവദിക്കുന്നതായും ഹരിത ട്രൈബ്യൂണലിന്റെ ഉത്തരവില്‍ പറയുന്നു.
ഉത്തരവ് നടപ്പാക്കാൻ ഒരു മാസം സമയം അനുവദിച്ചു. ഒരു മാസത്തിനു ശേഷം നിരത്തിലിറങ്ങുന്ന നിരോധിത വാഹനങ്ങളിൽ നിന്ന് ഒരു തവണ 10,000 രൂപ വീതം പിഴ ഈടാക്കണം. ട്രാഫിക് പൊലിസ്, മലിനീകരണ നിയന്ത്രണ ബോർഡ് എന്നിവർക്കാണ് പിഴ ചുമത്താൻ അധികാരം. ബോർഡിന്റെ കീഴിൽ പ്രത്യേക അക്കൗണ്ട് തുടങ്ങി പിഴപ്പണം അതിൽ അടക്കുകയും പ്രസ്തുത തുക പരിസ്ഥിതി സംരക്ഷണത്തിന് ചെലവഴിക്കുകയും ചെയ്യണം.
ഡൽഹിയിൽ 2000 സി.സി.ക്ക് മുകളിലുള്ള ഡീസൽ വാഹനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയതിന്റെ ചുവടു പിടിച്ചാണ് കേരളത്തിലും ട്രൈബൂണൽ നിയന്ത്രണം കൊണ്ടുവന്നത്. ടൊയോട്ട ഇന്നോവ, ഫൊർച്യൂനർ, ഷെവർലെ ടവേര, ഫോർഡ് എൻഡവർ, മിറ്റ്സുബിഷി പജേറോ, മഹീന്ദ്ര ബോലേറോ, സ്കോർപിയോ, സൈലോ, ടാറ്റ സഫാരി, ടാറ്റ സുമോ തുടങ്ങി 60ഓളം വാഹനങ്ങളെ നിരോധം ബാധിക്കും. ഓഡി, ബി.എം.ഡബ്ല്യു, ജാഗ്വർ, പൊർഷെ, ബെൻസ് തുടങ്ങി ലക്ഷ്വറി വാഹനങ്ങളെയും വിധി പ്രതികൂലമായി ബാധിക്കും. ഉത്തരവ് നടപ്പായാൽ കെ.എസ്.ആർ.ടി.സി ബസുകളിൽ വലിയൊരു വിഭാഗം കട്ടപ്പുറത്ത് കയറ്റേണ്ടി വരും.