12:30pm 18/02/2016
ശ്രീകൃഷ്ണ കോളജില്‍ അപകടനിടയാക്കിയ മരംമുറിച്ച് മാറ്റുന്നു
ഗുരുവായൂര്‍: ഗുരുവായൂര്‍ ശ്രീകൃഷ്ണ കോളജില്‍ മരക്കൊമ്പൊടിഞ്ഞ് വീണ് വിദ്യാര്‍ഥിനി മരിച്ചു. ശ്രീകൃഷ്ണ കോളജിലെ ഒന്നാംവര്‍ഷ എക്കണോമിക്സ് ബിരുദ വിദ്യാര്‍ഥിനി അനുഷയാണ് മരിച്ചത്. ചിറ്റിലപ്പിള്ളി സ്വദേശി അശോകന്റെ മകളാണ് അനുഷ. അഞ്ച് വിദ്യാര്‍ഥിനികളടക്കം ആറ് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. നയന, സുജില, ഹരിത, ശ്രീലക്ഷ്മി എന്നിവരാണ് പരിക്കേറ്റ വിദ്യാര്‍ഥിനികള്‍. ഒരു ആണ്‍കുട്ടിക്കും പരിക്കേറ്റിട്ടുണ്ട്. നയനയുടെ ആരോഗ്യനില അതീവ ഗുരുതരമായതിനാല്‍ തൃശൂര്‍ അമല മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ശസ്ത്രക്രിയ നടത്തി. പരിക്കേറ്റ മറ്റ് വിദ്യാര്‍ഥികളെ പ്രാഥമിക ശുശ്രൂഷ നല്കി വിട്ടയച്ചു.
കലിക്കറ്റ് സര്‍വകലാശാലാ ‘ഡി’ സോണ്‍ കലോത്സവം നടക്കുന്നതിനിടെ രാവിലെ പത്തരയോടെയായിരുന്നു അപകടം. മരച്ചുവട്ടില്‍ ഇരുന്ന കുട്ടികളാണ് അപകടത്തില്‍ പെട്ടത്. കാമ്പസിനകത്ത് കോളേജ് ഗ്രൗണ്ടിനോടടുത്ത് നിന്നിരുന്ന മരത്തിന്റെ കൊമ്പ് കാറ്റില്‍ ഒടിഞ്ഞ് വീഴുകയായിരുന്നുവെന്ന് അധികൃതര്‍ പറഞ്ഞു. രാവിലെ മുതല്‍ തൃശൂര്‍ ജില്ലയില്‍ ശക്തമായ കാറ്റ് വീശുന്നുണ്ട്. ഗ്രൗണ്ടില്‍ പാര്‍ക്ക് ചെയ്തിരുന്ന വാഹനങ്ങളും തകര്‍ന്നിട്ടുണ്ട്. വാഹനത്തിനകത്ത് ആളില്ലാതിരുന്നതിനാല്‍ വലിയ ദുരന്തം ഒഴിവായി.
കലോത്സവത്തിന്റെ സ്റ്റേജിതര മത്സരമാണ് ശ്രീകൃഷ്ണ കോളജില്‍ നടക്കുന്നത്. ബുധനാഴ്ചയാണ് മത്സരം തുടങ്ങിയത്. നാളെ മുതല്‍ സ്റ്റേജ് ഇനങ്ങള്‍ നടക്കാനിരിക്കുകയാണ്. മത്സരങ്ങള്‍ക്കായി അയ്യായിരത്തോളം വിദ്യാര്‍ഥികള്‍ എത്തുന്ന കാമ്പസിലാണ് ദുരന്തമുണ്ടായത്. അപകടത്തെ തുടര്ന്ന്കലോത്സവം മാറ്റിവെച്ചു.