ചിരിയുടെ മണിക്കിലുക്കം നിലച്ചു

09:30pm
6/3/2016
നടനും മിമിക്രി കലാകാരനുമായ കലഭവന്‍മണി അന്തരിച്ചു
th

കൊച്ചി: നടന്‍ കലാഭന്‍മണി അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രില്‍ വച്ച് ഇന്നലെ രാത്രി 7.15നായിരുന്നു അന്ത്യം. കരള്‍ രോഗത്തിന് ചികില്‍സയിലായിരുന്നു. രണ്ട് ദിവസം മുന്‍പാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത് ഇന്നലെ തുടര്‍ന്ന് തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ചാലക്കുടി ചേനത്തുനാട് ഗ്രാമത്തിലെ കുന്നശ്ശേരി രാമന്റെയും അമ്മിണിയുടെയും ഏഴാമത്തെ പുത്രനായിട്ടായിരുന്നു ജനനം. ചെറുപ്പകാലം മുതല്‍ മിമിക്രി അവതരിപ്പിച്ചിരുന്ന മണി കലഭവനിലൂടെയാണ് പ്രശസ്തനായത്. ചാലക്കുടി ഗവ.ബോയ്‌സ് ഹൈസ്‌ക്കൂളില്‍ പഠിക്കുമ്പോള്‍ തന്നെ അനുകരണകല മണിയുടെ തലയ്ക്കുപിടിച്ചിരുന്നു. സ്‌കൂളില്‍ പഠിക്കുമ്പോള്‍ മോണോ അക്ടില്‍ മണി യുവജനോല്‍സവങ്ങളില്‍ മത്സരിച്ചു. 1987ല്‍ മോണോ ആക്ടില്‍ കൊല്ലത്തു നടന്ന സംസ്ഥാന സ്‌കൂള്‍ യുവജനോല്‍സവത്തില്‍ ഒന്നാമനാകുവാന്‍ കഴിഞ്ഞത് മണിയുടെ ജീവിതത്തിന് വഴിത്തിരിവായി.
സമുദായം എന്ന ചിത്രത്തിലൂടെയാണ് സിനിമയില്‍ അരങ്ങേറിയത്. സിബി മലയിലിന്റെ അക്ഷരം എന്ന ചിത്രത്തില്‍ ഓട്ടോ റിക്ഷാ െ്രെഡവറായി അഭിനയിച്ചു. സല്ലാപത്തിലെ ചെത്തുകാരന്റെ വേഷം ശ്രദ്ധിക്കപ്പെട്ടതോടെ പ്രമുഖ സിനിമാ സംവിധായകര്‍ മണിയെ തേടിയെത്തി. ഉദ്യാനപാലകന്‍, ഭൂതക്കണ്ണാടി എന്നീ ചിത്രങ്ങളില്‍ സീരിയസ് വേഷമായിരുന്നു.
വിനയന്‍ സംവിധാനം ചെയ്ത വാസന്തിയും ലക്ഷ്മിയും ഞാനും എന്ന ചിത്രത്തിലൂടെ മണി നായകനടനായി. ഈ ചിത്രത്തിലെ അഭിനയത്തിന് ദേശീയ അവാര്‍ഡില്‍ ജൂറിയുടെ പ്രത്യേക പരാമര്‍ശം, കേരള സര്‍ക്കാരിന്റെ സ്‌പെഷല്‍ ജൂറി െ്രെപസ്, സത്യന്‍ ഫൗണ്ടേഷന്‍ അവാര്‍ഡ്, മാതൃഭൂമി അവാര്‍ഡ്, ലക്‌സ്ഏഷ്യാനെറ്റ് അവാര്‍ഡ് എന്നീ അംഗീകാരങ്ങള്‍ മണിയെ തേടിയെത്തി.
വണ്‍മാന്‍ ഷോ, സമ്മര്‍ ഇന്‍ ബേത്‌ലഹേം, ദില്ലിവാലാ രാജകുമാരന്‍, ഉല്ലാസപ്പൂങ്കാറ്റ്, കണ്ണെഴുതി പൊട്ടും തൊട്ട്, രാക്ഷസരാജാവ്, മലയാളി മാമനു വണക്കം, വല്ല്യേട്ടന്‍, ആറാം തമ്പുരാന്‍, വസന്തമാളിക എന്നീ ചിത്രങ്ങളില്‍ മണി ശ്രദ്ധേയമായ വേഷങ്ങള്‍ അവതരിപ്പിച്ചു. കരുമാടിക്കുട്ടന്‍ എന്ന ചിത്രത്തിലെ മന്ദബുദ്ധിയുടെ വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടു. ദി ഗ്യാങ്, ഗാര്‍ഡ് , ആകാശത്തിലെ പറവകള്‍, വാല്‍ക്കണ്ണാടി, എന്നീ ചിത്രങ്ങളില്‍ മണി നായകനായി. മറുമലര്‍ച്ചി, വാഞ്ചിനാഥന്‍, ജെമിനി, ബന്താ പരമശിവം എന്നീ തമിഴ് ചിത്രങ്ങളിലും ചില തെലുങ്കു ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. മുരിങ്ങൂര്‍ മുല്ലപ്പളളി സുധാകരന്റെയും സൗഭാഗ്യവതിയുടെയും മകള്‍ നിമ്മിയാണ് ഭാര്യ. ഏകമകള്‍ വാസന്തിലക്ഷ്മി.