11:36am 12/5/2016
ജിഷയുടെ കൊലപാതകത്തിന് കാരണക്കാരായത് സംസ്ഥാന സര്‍ക്കാരാണെന്ന് എഡിജിപി ആര് ശ്രീലേഖ.താന്‍ തയാറാക്കിയ പദ്ധതി പ്രകാരം ആരംഭിച്ച നിര്‍ഭയകേരളം, സുരക്ഷിതകേരളം പദ്ധതി അഞ്ചു മാസത്തിനുള്ളില്‍ ഇല്ലാതാക്കിയ സര്‍ക്കാരിന്റെ നിരുത്തരവാദിത്തത്തെ രൂക്ഷമായ ഭാഷയില്‍ ബ്ലോഗ്ലിലൂടെയാണു ശ്രീലേഖ വിമര്‍ശിച്ചത്. നിര്‍ഭയ പദ്ധതിയുടെ നോഡല്‍ ഓഫീസര്‍ കൂടിയായിരുന്നു ശ്രീലേഖ
2014ല്‍ നിര്‍ഭയ കേരളം സുരക്ഷിത കേരളം പദ്ധതിയെക്കുറിച്ച് താന്‍ എഴുതിയത് അഭിമാനത്തോടെയായിരുന്നു. താന്‍ ഏറെ ആഗ്രഹിച്ച ദൗത്യം തനിക്കു കിട്ടിയതില്‍ ഏറെ സന്തോഷം തോന്നിയിരുന്നു. 72 മണിക്കൂര്‍ സമയം ചെലവിട്ടാണ് താന്‍ പദ്ധതിരേഖ തയാറാക്കിയത്. അതേ പദ്ധതിയുടെ മരണവും താന്‍ നേരില്‍ കണ്ടു. ഇതൊക്കെ പറയേണ്ടിവന്നതില്‍ തനിക്കു ദുഖമുണ്ട്. ഈ പദ്ധതി ജീവിച്ചിരുന്നെങ്കില്‍ ജിഷയും ജീവിച്ചിരുന്നേനെ എന്നാണ് ക്ഷമാപണത്തോടെ ശ്രീലേഖ ബ്ലോഗില്‍ കുറിക്കുന്നത്.
2015 ഫെബ്രുവരിയില്‍ ആഘോഷമായി എറണാകുളത്തുവച്ചു പദ്ധതി ഉദ്ഘാടനം ചെയ്തു. അതിനുപിന്നാലെ, വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍ ബ്യൂറോയില്‍ എഡിജിപിയായിരുന്ന തന്നെ നിര്‍ഭയകേരളം സുരക്ഷിത കേരളം പദ്ധതിയിലേക്കു മാറ്റിയപ്പോള്‍ ചില റെയ്ഡുകള്‍ നടത്താനും ചില കേസുകള്‍ രജിസ്റ്റര്‍ ചെയ്യാനും മാത്രമേ കഴിയൂ എന്നു കരുതിയില്ല. തന്റെ പരിചയസമ്പത്തും വൈദഗ്ധ്യവും പദ്ധതിയെ വിജയിപ്പിക്കാന്‍ ഉപയോഗിക്കാമെന്ന മണ്ടത്തരം വിശ്വസിച്ചു. തന്നെ മാത്രമായിരുന്നു പദ്ധതിയിലേക്കു നിയോഗിച്ചത്. പദ്ധതി നടത്തിപ്പിനാവശ്യമായ മറ്റുള്ളരെ നിയമിക്കാനും ഇരിക്കാനൊരു മുറിക്കുമായി ഏറെ കാത്തിരുന്നു. ഏറെ നാളത്തെ പോരാട്ടത്തിനൊടുവില്‍ പൊലീസ് ആസ്ഥാനത്ത് ഒരു മുറി ലഭിച്ചു. ഇംഗ്ലീഷില്‍ ഒരു വാക്കുപോലും ടൈപ്പ് ചെയ്യാനറിയാത്ത ഒരു കോണ്‍ഫിഡെന്‍ഷ്യല്‍ അസിസ്റ്റന്റിനെയും അനുവദിച്ചു തന്നു. മന്ത്രി, ആഭ്യന്തര സെക്രട്ടറി, സംസ്ഥാന പൊലീസ് മേധാവി എന്നിവരുമായി പിന്നീടു നടത്തിയ നിരന്തര കൂടിക്കാഴ്ചകളും അവര്‍ നല്കിയ ഉറപ്പുകളും തന്നെ വീണ്ടും പ്രതീക്ഷയിലാക്കി. നിയമനങ്ങളുമായും പരിശീലനമായും അപകടകരമായ മേഖലകളുടെ ക്രൈം മാപ്പിംഗുമായും മുന്നോട്ടു പോകാന്‍ തന്നോട് ആവശ്യപ്പെട്ടു. ചെലവുകള്‍ മടക്കി നല്‍കാമെന്ന് ഉറപ്പു നല്കി
അതുകൊണ്ട്, സ്ത്രീകള്‍ക്കു സുരക്ഷ പ്രധാനം ചെയ്യുന്ന പദ്ധതിയെക്കുറിച്ചു സംസാരിക്കാന്‍ എല്ലാ ജില്ലകളില്‍നിന്നുമുള്ള നിവധി സ്ത്രീകളെ വിളിച്ചു ചേര്‍ത്തും ശ്രമങ്ങളുമായി മുന്നോട്ടു പോയി. ഓരോ ജില്ലകളിലും 100 സ്ത്രീകള്‍ക്കു പരിശീലനം നല്‍കാനും മറ്റുള്ള സ്ത്രീകളെ പരിശീലിപ്പിക്കാന്‍ അവരെ പ്രാപ്തരാക്കാനും തീരുമാനിച്ചു. അവര്‍ക്ക് തിരിച്ചറിയല്‍കാര്‍ഡ്, സിം കാര്‍ഡ്, ബാഡ്ജ്, ഡ്യൂട്ടിയിലായിരിക്കുമ്പോള്‍ ധരിക്കാന്‍ ഓവര്‍ക്കോട്ട്, നിയമവശങ്ങളെക്കുറിച്ചും പൊലീസും സാമൂഹിക ക്ഷേമ വകുപ്പുമായും ബന്ധപ്പെടാനുള്ള വഴികാട്ടിയാകുന്ന നിര്‍ദേശങ്ങളടങ്ങിയ കിറ്റ്, യാത്രാക്കൂലി, ഇരകളെ സഹായിക്കാന്‍ പണം, പ്രതിഫലം എന്നിവ നല്‍കാമെന്ന് ഇവര്‍ക്ക് ഇറപ്പു നല്കി. ഇതിനായി 77 ലക്ഷത്തിന്റെ പദ്ധതിച്ചെലവുരേഖ പൊലീസ് വകുപ്പിന് സമര്‍പ്പിക്കുകയും ചെയ്തു. പൈലറ്റ് പദ്ധതി എറണാകുളത്ത് തീരുമാനിച്ചു. ഇതിനായി 99 സന്നദ്ധരായ 25നും 55നും ഇടയില്‍ പ്രായമുള്ള സ്ത്രീകളെ നിയോഗിച്ചു. അവര്‍ക്കായി നിയമത്തിലും നിരായുധരായും ശത്രുക്കളെ നേരിടാനും ഉപദ്രവിക്കാന്‍ വരുന്നവരെ പൊലീസിലോ അഭയസ്ഥാനങ്ങളിലോ എത്തിക്കാനും പരിശീലനം നല്കി. സ്ത്രീകള്‍ നേരിടുന്ന എല്ലാ പ്രശ്നങ്ങളെക്കുറിച്ചും അവബോധമുണ്ടാക്കി. റിപ്പോര്‍ട്ട് ചെയ്യപ്പെടാതെ പോകുന്ന കുറ്റകൃത്യങ്ങള്‍ കണ്ടെത്താനും ഗ്രാമീണ മേഖലകളില്‍ പ്രവര്‍ത്തിക്കാനും പരിശീലനംനല്‍കി. വിവരങ്ങള്‍ശേഖരിക്കാന്‍ ഒരു ചോദ്യാവലിയും തയാറാക്കി
ബ്രേസ്ലെറ്റ്, ലോക്കറ്റ്, മാല, വാച്ച്, ബ്രൂച്ച് എന്നിവയില്‍ ഉപയോഗിക്കാവുന്ന ഒരു ആപ്ലിക്കേഷന്‍ തയാറാക്കാന്‍ സി ഡാക്കുമായി ബന്ധപ്പെട്ടു. സിഡാക്കിലെ രമണി ഇതുമായി വളരെ സഹകരിക്കുകയും ആപ്ലിക്കേഷന്‍ വികസിപ്പിക്കുകയും ചെയ്തു. ഇവ തെരഞ്ഞെടുക്കപ്പെട്ട പ്രവര്‍ത്തകര്‍ക്കും പൊലീസുകാര്‍ക്കുമായി ഡെമോണ്‍സ്ട്രേറ്റ് ചെയ്തു. സ്ത്രീകള്‍ക്ക് ഇതു സൗജന്യമായി നല്‍കാനായിരുന്നു പദ്ധതി. ജിപിഎസ്, ജിപിആര്‍എസ് സങ്കേതങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഈ ആപ്ലിക്കേഷന്‍ വഴി പൊലീസ് സ്റ്റേഷനും കണ്ട്രോള് റൂമിനും അപകടഘട്ടത്തിലായിരിക്കുന്ന സ്ത്രീകളെ പെട്ടെന്നു കണ്ടെത്താന്‍ കഴിയുന്ന സംവിധാനമാണ് ലക്ഷ്യമിട്ടത്. ഈ ആപ്ലിക്കേഷനില്‍ അമര്‍ത്തുമ്പോള്‍ ഏറ്റവും അടുത്ത പൊലീസ് സ്റ്റേഷനില്‍ വിവരമറിയുകയും അഞ്ചുമിനുട്ടിനുള്ളില്‍ സഹായം ലഭ്യമാക്കുകയുമായിരുന്നു ലക്ഷ്യം. സ്ത്രീകളില്നിന്നു മൊബൈല്‍ ഫോണായിരിക്കും അക്രമി ആദ്യം കവരുക എന്നതിനാലാണ് ആപ്ലിക്കേഷന്‍ ആഭരണങ്ങളില്‍ ഘടിപ്പിക്കുന്ന പദ്ധതി വിഭാവനം ചെയ്തത്. പെന്‍കാമറ കരുതിയിരുന്ന ജിഷയെ താന്‍ പദ്ധതിയിട്ടതുപോലെ ഒരു സംവിധാനമാണു കൈയിലുണ്ടായിരുന്നതെങ്കില്‍ രക്ഷിക്കാമായിരുന്നു.
മൂന്നു മാസം പിന്നിട്ടപ്പോഴും പദ്ധതിയിലെ ഏക ഉദ്യോഗസ്ഥ താന്‍ മാത്രമായിരുന്നു. പണമൊന്നും അനുവദിച്ചു തന്നില്ല. അറുപതിനായിരം രൂപയോളം സ്വന്തം കീശയില്‍നിന്നു ചെലവഴിച്ചു. പരാതികള്‍ തന്റെ മുമ്പില്‍ ഒന്നൊന്നായി എത്തുകയും ചെയ്തിരുന്നു. ഓരോ ആഴ്ചയും പ്രശ്നങ്ങള്‍ പറയാന്‍ 210 പേരോളം തന്നെ കാണാന്‍ വന്നിരുന്നു. അവരെയെല്ലാം തന്നെക്കൊണ്ട് ഒറ്റയ്ക്ക് സഹായിക്കുക പ്രയാസകരമാണെന്നു മനസിലാക്കി. പല സ്ത്രീകളും അവരുടെ വ്യക്തിപരമായ പ്രശ്നങ്ങള്‍ പോലും തന്റെ അടുത്തുവന്നു പറയാമെന്നു കരുതി. അതുകൊണ്ട്, തന്നെ കാണാന്‍ വന്നവരില്‍ സഹപാഠിയോട് പ്രണയം തോന്നിയ പെണ്‍കുട്ടിയും വിവാഹിതനോടു വിവാഹേതര ബന്ധമുണ്ടായിരുന്ന യുവതിയും, ഭര്‍ത്താവുമായി വീണ്ടും ഒന്നിക്കാന്‍ ആഗ്രഹിക്കുന്ന വിവാഹമോചിതയും അയല്‍വാസിയുടെ പട്ടിയെ പേടിക്കുന്ന സ്ത്രീയുമുണ്ടായിരുന്നു. എല്ലാവരും സഹായം അഭ്യര്‍ഥിച്ചു. നിര്‍ഭയകേരളം പദ്ധതിയുടെ ഇഴഞ്ഞുള്ള പോക്കില്‍ അതുകൊണ്ടുതന്നെ താന്‍ വളരെ അസ്വസ്ഥയായി.
ഈ സംസ്ഥാനത്ത് സ്ത്രീകളുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ഒരു പുരുഷനും താല്പര്യമില്ലെന്നു താന്‍ വൈകാതെ അറിഞ്ഞു. അല്ലെങ്കില്‍ അവര്‍ അതൊന്നും പരിഗണിക്കുന്നില്ല. വമ്പന്‍ ആഘോഷമായി തുടങ്ങിയ പദ്ധതിക്കു ഒരു പിന്തുണയും പണവും ലഭിച്ചില്ല. സന്നദ്ധരായി വന്നവര്‍ പല ആവശ്യങ്ങള്‍ക്കും പണം ചോദിച്ചപ്പോള്‍ അല്പകാലം കാത്തിരിക്കാനും എല്ലാം ശരിയാകുമെന്നുമായിരുന്നു മറുപടി നല്‍കിയത്. ഇക്കാര്യത്തില്‍ നിസഹായനാണെന്നറിയാതെ സംസ്ഥാന പൊലീസ് മേധാവിയുമായി താന്‍ രണ്ടുവട്ടം തര്‍ക്കിക്കുകയുമുണ്ടായി. തന്നെ കാണാന്‍ വരുന്ന സ്ത്രീകളുടെ പ്രശ്നങ്ങള്‍ പരിരിക്കാന്‍ തന്നെ സഹായിക്കാന്‍ മൂന്നു വനിതാ പൊലീസ് ഉദ്യോഗസ്ഥരെ ഡിജിപി നല്കി. പ്രശ്നങ്ങള്‍ക്കു പരിഹാരം തേടി സ്ത്രീകള്‍ കാസര്‍ഗോഡുനിന്നു പോലും തന്നെ കാണാന്‍ തിരുവനന്തപുരത്തേക്കു വന്ന സംഭവങ്ങള്‍ സംസ്ഥാനത്ത് ഇത്രയും വിമെന്‍ സെല്ലുകളും വിമെന്‍ ഹെല്പ് ഡെസ്കുകളും വിമെന്‍ പൊലീസ് സ്റ്റേഷനുകളും ഉണ്ടായിട്ടും അവരെന്താണ് ചെയ്യുന്നതെന്ന് തന്നെ അദ്ഭുതപ്പെടുത്തുന്നതായിരുന്നു.
ആരാണ് ഇത്തരം സാഹചര്യങ്ങളില്‍ ആശങ്കപ്പെടാതെയും നിരാശപ്പെടാതെയും ഇരിക്കുക? അതുകൊണ്ടാണ് ഗതാഗത കമ്മീണറായി ചുമതലയേല്‍ക്കാമോ എന്നു ഗതാഗത മന്ത്രി വിളിച്ചുചോദിച്ചപ്പോള്‍ ഉടനടി സമ്മതം അറിയിച്ചത്. ഗതാഗത കമ്മീഷണര്‍ അവധിയിലായതിനാലും കാര്യങ്ങള്‍ നടത്താന്‍ ഒരാളെ അവിടെ ആവശ്യമായിരുന്ന സമയവുമായിരുന്നു അത്. പെട്ടെന്നുതന്നെ തന്നെ ഗതാഗത കമ്മീഷണറാക്കിയും അവധിയിലുള്ള ഗതാഗത കമ്മീഷണറെ നിര്‍ഭയ എഡിജിപിയായും നിയമിച്ചുകൊണ്ട് ഉത്തരവുമിറങ്ങി. ഒരാഴ്ചയ്ക്കുള്ളില്‍ അദ്ദേഹത്തിനു കെഎസ്ഇബിയില്‍ വിജിലന്‍സ് ഓഫീസറായി പോയി. അതോടെ നിര്‍ഭയ എഡിജിപിയുടെ തസ്തിക വീണ്ടും ഒഴിഞ്ഞു. കേന്ദ്ര ഡെപ്യൂട്ടേഷനില്‍നിന്നു മറ്റൊരു ഉദ്യോഗസ്ഥന് മടങ്ങി വന്നപ്പോള്‍ അദ്ദേഹത്തെ നിര്‍ഭയയില്‍ നിയമിച്ചെങ്കിലും ഒരാഴ്ചയ്ക്കുള്ളില്‍ അദ്ദേഹത്തെയും ഒരാഴ്ചയ്ക്കുള്ളില്‍ പൊലീസ് ആസ്ഥാനത്തെ എഡിജിപിയായി നിയമിച്ചു. 2014 ജൂലൈ മുതല്‍ നിര്‍ഭയ പദ്ധതി കോമയിലാണ്. അധികം വൈകാതെ ജീവനോടെ കുഴിച്ചുമൂടം. നിസഹായരായ കേരളത്തിലെ സ്ത്രീകള്‍ നിരന്തരം ബലാത്സംഗം ചെയ്യപ്പെട്ടുകൊണ്ടും ഇരിക്കുന്നു.
ജിഷയ്ക്ക് ഒരു മുഖവും പേരുമുണ്ട്. അതിന് മാധ്യമങ്ങളോടു നന്ദി പറയുന്നു. അവള് കുറുപ്പംപടി പെണ്‍കുട്ടിയല്ല. ഗോവിന്ദച്ചാമിമാര്‍ സന്തോഷത്തോടെ വിഹരിക്കുന്നു. അകാലത്തില്‍ അതിക്രൂരമായി ഈ ലോകത്തുനിന്നു നീ പൊയ്പ്പോയതില്‍ എനിക്ക് അതിയായ ദുഃഖമുണ്ട്. പുതിയ ലോകത്ത് നീ സന്തോഷത്തോടെയും സ്നേഹിക്കപ്പെട്ടും കഴിയുന്നുണ്ടെന്ന പ്രതീക്ഷമാണ് തനിക്കുള്ളത്. ദൈവത്തിന്റെ നാടെന്നു സ്വയം വിളിക്കുന്ന കേരളത്തില്‍ ഇത്തരം സംഭവങ്ങള്‍ വീണ്ടും സംഭവിക്കില്ലെന്നു പ്രതീക്ഷിക്കുകയും ചെയ്യുന്നു. ആത്മാര്‍ഥമായി ക്ഷമചോദിക്കുന്നുവെന്നും പറഞ്ഞാണ് ശ്രീലേഖ ബ്ലോഗ് അവസാനിപ്പിക്കുന്നത്.