10:58 AM 09/05/2016
പെരുമ്പാവൂര്‍: ജിഷയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് സഹോദരി ദീപയെ പൊലീസ് ചോദ്യം ചെയ്തു. വനിതാ പൊലീസ് ഉദ്യോഗസ്ഥര്‍ ആശുപത്രിയിലെത്തി രാവിലെ ദീപയെ കൊണ്ടുപോകുകയായിരുന്നു. ദീപയുടെ പക്കല്‍ നിന്ന് ചില വിവരങ്ങള്‍ അറിയാനുണ്ടെന്ന് കുറുപ്പംപടി പൊലീസ് അറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് സ്റ്റേഷനില്‍ വെച്ചായിരുന്നു അന്വേഷണസംഘത്തലവന്‍ ഡി.വൈ.എസ്.പി ജിജിമോന്‍ ചോദ്യം ചെയ്തത്. തുടര്‍ന്ന് ആശുപത്രിയിലെത്തിച്ച ദീപയുടേയും അമ്മയുടേയും മൊഴിയെടുക്കുകയാണ് പൊലീസ്.
ജിഷയെ രണ്ടു പേര്‍ ഭീഷണിപ്പെടുത്തിയതായി സഹോദരി ദീപ ഇന്നലെ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. വീടു പണിക്ക് എത്തിയ രണ്ടു മലയാളികളാണ് ജിഷയെ ഭീഷണിപ്പെടുത്തിയത്. അമ്മയെയും മകളെയും ശരിപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തുകയും മോശമായി പെരുമാറിയെന്ന് ജിഷ പരാതിപ്പെട്ടതായി ദീപ പറഞ്ഞിരുന്നു. എന്നാല്‍ തുടര്‍ച്ചയായി മൂന്ന് മണിക്കൂര്‍ ചോദ്യം ചെയ്തിട്ടും ഈ വിവരങ്ങളൊന്നും വനിത കമീഷന്‍ അംഗങ്ങളോട് പറഞ്ഞിരുന്നില്ല. അതുകൊണ്ടുതന്നെ ദീപയുടെ മൊഴി അവശ്വസനീയമാണെന്ന് അഭിപ്രായം കമീഷന്‍ അംഗങ്ങള്‍ക്കുണ്ട്.
തനിക്ക് അന്യസംസ്ഥാന സുഹൃത്തുക്കളാരുമില്ലെന്നും പറഞ്ഞിരുന്നു. കമീഷന്‍ അംഗങ്ങളോട് പറഞ്ഞ കാര്യങ്ങള്‍ക്ക് വിരുദ്ധമായ കാര്യങ്ങളാണ് മാധ്യമങ്ങളോട് പറഞ്ഞത്. മൊഴികള്‍ തമ്മിലുള്ള ഈ വൈരുധ്യമാണ് വീണ്ടും ചോദ്യം ചെയ്യാന്‍ പൊലീസിന് പ്രേരിപ്പിച്ചതെന്നാണ് അറിയുന്നത്.
കൊലപാതകവുമായി ബന്ധപ്പെട്ട സുപ്രധാന വിവരങ്ങള്‍ ദീപയില്‍ നിന്നറിയാന്‍ കഴിയുമെന്നാണ് കമീഷന്റെ അഭിപ്രായം. ഇതുകൂടി കണക്കിലെടുത്താണ് ഇന്ന് ദീപയെ പൊലീസ് വീണ്ടും ചെയ്തതെന്നാണറിയുന്നത്. ഇതിന് മുന്‍പ് രണ്ടുതവണ പൊലീസ് ദീപയുടെ മൊഴിയെടുത്തിരുന്നു.
അതേസമയം, അന്വേഷണത്തില്‍ പുരോഗതിയുണ്ടെന്ന് അന്വേഷണസംഘത്തലവന്‍ ഡി.വൈ.എസ്.പി ജിജിമോന്‍ വ്യക്തമാക്കി. ചില കാര്യങ്ങള്‍ സംബന്ധിച്ച് പൊലീസിനു കൂടുതല്‍ വ്യക്തത വരുത്തേണ്ടതുണ്ട്. പല ദിശയിലും അന്വേഷണം നടക്കുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു.
ജിഷയുടെ കൊലപാതകിയുടേതെന്നു കരുതുന്ന പുതിയ രേഖാചിത്രം അന്വേഷണസംഘം തയാറാക്കിയിരുന്നു. എന്നാല്‍, ഇത് പൊലീസ് പുറത്തുവിട്ടിട്ടില്ല. ജിഷയുടെ വീട്ടില്‍നിന്നു ലഭിച്ച വിരലടയാളം പൊലീസ് കസ്റ്റഡിയിലുള്ളവരുടെ വിരലടയാളവുമായി യോജിക്കുന്നില്ലെന്നും കണ്ടെത്തിയിരുന്നു.