നടന്‍ ആസിഫ് അലിയുടെ വീട് ആക്രമിച്ച ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ പിടിയില്‍

12:03 pM 23/02/2016
asif-ali-photos-26635

തൊടുപുഴ: മലയാള ചലച്ചിത്ര നടന്‍ ആസിഫ് അലിയുടെ പിതാവും സി.പി.എം നേതാവുമായ എം.പി. ഷൗക്കത്തലിയുടെ വീടിനുനേരെ ആക്രമണം നടത്തിയ ഡി.വൈ.എഫ്.ഐ നേതാക്കള്‍ ഉള്‍പ്പെടെ നാലുപേര്‍ പിടിയില്‍. ഡി.വൈ.എഫ്.ഐ മേഖലാ ജോയന്റ് സെക്രട്ടറി രണ്ടുപാലം കുളത്തിങ്കല്‍ നിഷാദ് (28), സി.പി.എം അനുഭാവി ആറ്റുപുറത്ത് ജലീല്‍ (24), ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന്‍ കാരിക്കോട് ഉള്ളാടന്‍പറമ്പില്‍ മജീഷ് (22), കാരിക്കോട് താഴെതൊട്ടിയില്‍ വിഷ്ണു (വടിവാള്‍ വിഷ്ണു-20) എന്നിവരാണ് പിടിയിലായത്. സി.പി.എം മുതലക്കോടം ലോക്കല്‍ സെക്രട്ടറിയാണ് ഷൗക്കത്തലി. തൊടുപുഴ നഗരത്തിലെ മുട്ട വ്യാപാരിയുടെ നാലരലക്ഷം രൂപ കവര്‍ന്ന കേസിലെ പ്രതികളെ പിടികൂടി ചോദ്യംചെയ്യുന്നതിനിടെയാണ് ഷൗക്കത്തലിയുടെ വീടിനുനേരെ കല്‌ളെറിഞ്ഞവരെക്കുറിച്ച് പൊലീസിന് വിവരം ലഭിച്ചത്.
കഴിഞ്ഞ ജനുവരി മൂന്നിന് തൊടുപുഴ നഗരസഭയുടെ 16ാം വാര്‍ഡ് യോഗത്തിനിടെ കൗണ്‍സിലറായ ടി.കെ. അനില്‍ കുമാറിനെ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ മര്‍ദിക്കുകയും ഉടുമുണ്ട് പറിച്ചെടുക്കുകയും ചെയ്തിരുന്നു. ഈ അന്വേഷണം വഴിതിരിക്കാനും എതിര്‍ കക്ഷികള്‍ക്കെതിരെ മറ്റൊരു കേസെടുത്ത് പ്രതിരോധിക്കാനുമായിരുന്നു പ്രതികള്‍ ആസിഫ് അലിയുടെ വീടിനുനേരെ കല്‌ളെറിഞ്ഞതെന്ന് പൊലീസ് പറഞ്ഞു.