ഭര്‍ത്താവ് പദവി നിലനില്‍ക്കുമ്പോള്‍ മാത്രമേ ഭാര്യയുടെ പരപുരുഷ ബന്ധത്തിനെതിരേ പരാതി നല്‍കാന്‍ അധികാരമുള്ളൂവെന്ന് ഹൈക്കോടതി

12.56 AM 15-06-2016
350x350_IMAGE41644253
ഭര്‍ത്താവ് പദവി നിലനില്‍ക്കുമ്പോള്‍ മാത്രമേ ഭാര്യയുടെ പരപുരുഷ ബന്ധത്തിനെതിരേ പരാതി നല്‍കാന്‍ അധികാരമുള്ളൂവെന്ന് ഹൈക്കോടതി. അല്ലാതെയുളള നടപടി വൈവാഹിക ബന്ധത്തിന്റെ പവിത്രതയ്‌ക്കെതിരേയുള്ള കടന്നാക്രമണമാണെന്നും ജസ്റ്റിസ് ബി. സുധീന്ദ്രകുമാര്‍. വിവാഹമോചനം നേടിയ ഭാര്യയുടെ പരപുരുഷ ബന്ധം ആരോപിച്ച് മുന്‍ ഭര്‍ത്താവ് കേസ് കൊടുത്തതിനെ തുടര്‍ന്ന് കോഴിക്കോട് സ്വദേശി ശിവദാസന് മജിസ്‌ട്രേറ്റു കോടതി രണ്ടുമാസം തടവും ആയിരം രൂപ പിഴയും വിധിച്ചതിനെതിരേ ശിവദാസന്‍ നല്‍കിയ ഹര്‍ജി അനുവദിച്ചാണ് ഹൈക്കോടതി ഉത്തരവ്.
1989 ല്‍ ഷെല്‍വി എന്ന സ്ത്രീയെ മജിസ്‌ട്രേറ്റു കോടതിയിലെ പരാതിക്കാരന്‍ വിവാഹം കഴിച്ചു. ഈ ബന്ധത്തില്‍ രണ്ടു കുട്ടികളുമുണ്ട്. മത്സ്യത്തൊഴിലാളിയായ ഇയാള്‍ രാവിലെ എട്ടു മണിക്കു ജോലിക്കുപോയി കഴിഞ്ഞാല്‍ ഓട്ടൊ തൊഴിലാളിയായ ശിവദാസനുമായി അവിഹിത ബന്ധം പുലര്‍ത്തുന്നതായി പരാതിക്കാരന്‍ ആരോപിച്ചിരുന്നു. തുടര്‍ന്ന് ഇയാള്‍ കോടതി വഴി വിവാഹമോചനം നേടി. പിന്നീട് ജീവനാംശം ആവശ്യപ്പെട്ട് ഷെല്‍വി കോടതിയെ സമീപിച്ചു. ഇതില്‍ നിന്നു രക്ഷപെടാന്‍ ഇയാള്‍ ഷെല്‍വിക്കും ശിവദാസനുമെതിരേ കോഴിക്കോട് മജിസ്‌ട്രേറ്റ് കോടതിയില്‍ കേസ് ഫയല്‍ ചെയ്തു. പരാതി പരിഗണിച്ച കോടതി ശിവദാസനെ ശിക്ഷിക്കാന്‍ ഉത്തരവിട്ടു. അതിനെതിരെയാണ് ശിവദാസന്‍ ഹൈക്കോടതിയിലെത്തിയത്. എന്നാല്‍ ശിവദാസനെതിരായ കേസ് നിലനില്‍ക്കണമെങ്കില്‍ ഷെല്‍വിയുടെ ഭര്‍ത്താവ് എന്ന പദവി ഉണ്ടായിരിക്കണമെന്നും അല്ലാതെയുള്ള പരാതി ഐ.പി.സി സെക്ഷന്‍ 497 ന് വിരുദ്ധമാണെന്നും കോടതി വ്യക്തമാക്കി.