കൊച്ചി: ജസ്റ്റിസ് അലക്‌സാണ്ടര്‍ തോമസിനെതിരെ ആക്ഷേപകരമായ പരാമര്‍ശം നടത്തിയതിനെ തുടര്‍ന്ന് കോടതിയലക്ഷ്യ നടപടി നേരിടുന്ന മന്ത്രി കെ.സി. ജോസഫ് ഇന്ന് കോടതിയില്‍ ഹാജരാകില്ല. നിയമസഭാ സമ്മേളനം നടക്കുന്നതിനാല്‍ ഹാജരാകാന്‍ അസൗകര്യമുണ്ടെന്ന് ചൂണ്ടികാണിച്ച് മന്ത്രി ഹൈകോടതിയില്‍ സത്യവാങ്മൂലം നല്‍കും. ജഡ്ജിക്കെതിരെ നടത്തിയ അപകീര്‍ത്തികരമായ പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ചാണ് സ്ത്യവാങ്മൂലം നല്‍കുക.
മന്ത്രിക്കെതിരെ വി. ശിവന്‍കുട്ടി എം.എല്‍.എയാണ് ഹൈകോടതിയെ സമീപിച്ചത്. മന്ത്രിക്കെതിരെ കോടതിയലക്ഷ്യ നടപടി സ്വീകരിക്കാന്‍ അഡ്വക്കറ്റ് ജനറല്‍ അനുമതി നല്‍കില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ശിവന്‍കുട്ടി ഹൈകോടതിയില്‍ നേരിട്ട് കോടതിയലക്ഷ്യ ഹരജി നല്‍കിയത്. ഹരജിയില്‍ ക്രിമിനല്‍ കോടതിയലക്ഷ്യ നടപടി ചുമത്തി ഇന്ന് മൂന്ന് മണിക്ക് ഹാജരായി വിശദീകരണം നല്‍കാനായിരുന്നു ഡിവിഷന്‍ബെഞ്ചിന്റെ നിര്‍ദേശം.
ജസ്റ്റിസ് അലക്‌സാണ്ടര്‍ തോമസ് ‘ചായത്തൊട്ടിയില്‍ വീണ കുറുക്കന്‍’ ആണെന്ന് മന്ത്രി കെ.സി. ജോസഫ് ഫേസ്ബുക്കില്‍ നടത്തിയ പരാമര്‍ശമാണ് ക്രിമിനല്‍ കോടതിയലക്ഷ്യ നടപടിക്ക് കാരണമായത്. മുന്‍മന്ത്രി കെ.എം. മാണിക്കെതിരായ ബാര്‍ കോഴക്കേസിന്റെ പരിഗണനാവേളയില്‍ വിജിലന്‍സിന് സ്വയംഭരണാവകാശം നല്‍കുന്ന കാര്യം പരിഗണിക്കണമെന്നും ഇതിനായി ‘അമിക്കസ് ക്യൂറി’മാരെ നിയമിക്കണമെന്നും ജസ്റ്റിസ് അലക്‌സാണ്ടര്‍ തോമസ് ഉത്തരവിട്ടിരുന്നു. അഡ്വ. ജനറലിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ അഭിഭാഷകരില്‍ പലരും അബ്കാരികളുടെ നോമിനികളാണെന്നും കോടതി കടുത്ത ഭാഷയില്‍ പരാമര്‍ശിച്ചിരുന്നു. ഈ പരാമര്‍ശങ്ങളത്തെുടര്‍ന്നാണ് ഫേസ്ബുക്കില്‍ മന്ത്രി ജഡ്ജിക്കെതിരെ ആക്ഷേപകരമായ പോസ്റ്റിട്ടത്.