യമുനാ നദീതീരത്തെ സാംസ്​കാരികോത്സവുമായി ബന്ധപ്പെട്ട്​ കോടതി വിധിച്ച പിഴ ആർട് ഒാഫ്​ ലിവിങ്​ സ്​ഥാപകൻ ​​​ശ്രീ ശ്രീ രവിശങ്കർ അടച്ചു

12:36 pM 06/06/2016
download (3)
ന്യൂഡൽഹി: യമുനാ നദീതീരത്തെ സാംസ്​കാരികോത്സവുമായി ബന്ധപ്പെട്ട്​ കോടതി വിധിച്ച പിഴ ആർട് ഒാഫ്​ ലിവിങ്​ സ്​ഥാപകൻ ​​​ശ്രീ ശ്രീ രവിശങ്കർ അടച്ചു. 4.75 കോടി രൂപയാണ്​ ഡൽഹി വികസന വകുപ്പിന്​ മുമ്പാകെ അടച്ചത്​. നേരത്തെ പിഴ തുകയിൽ 25 ലക്ഷം രൂപ ആർട് ഒാഫ്​ ലിവിങ്​ അടച്ചിരുന്നു.

മാർച്ച്​ 11 മുതൽ 13 വരെ ദല്‍ഹിയിൽ ശ്രീ ശ്രീ രവിശങ്കറിന്‍െറ ജീവനകലയുടെ ആഭിമുഖ്യത്തില്‍ നടത്തിയ ലോക സാംസ്കാരികോത്സവുമായി ബന്ധപ്പെട്ട്​ നല്‍കാനുള്ള പിഴ ഉടന്‍ ഒടുക്കണമെന്ന് ദേശീയ ഹരിത ട്രൈബ്യൂണല്‍ കോടതി നേരത്തെ വിധി പുറപ്പെടുവിച്ചിരുന്നു.

യമുനാനദീ തടം നിരപ്പാക്കി ആയിരം ഏക്കറില്‍ നടത്തിയ സാംസ്കാരികോത്സവത്തിനെതിരെ വ്യാപക വിമര്‍ശമുയരുകയും പരിപാടി റദ്ദാക്കണമെന്നാവശ്യപ്പെട്ട് പരിസ്ഥിതി പ്രവര്‍ത്തകര്‍ ട്രൈബ്യൂണലില്‍ ഹരജി സമര്‍പ്പിക്കുകയും ചെയ്തിരുന്നു. എന്നാല്‍, പരിപാടി നടത്താന്‍ അനുവാദം നല്‍കിയ കോടതി അഞ്ചു കോടി രൂപ പിഴയൊടുക്കാന്‍ ആർട് ഒാഫ്​ ലിവിങ്ങിനോട് ആവശ്യപ്പെട്ടു. ഇത്രയും തുക അടക്കാനാകില്ലെന്ന് ആർട് ഒാഫ്​ ലിവിങ്​ ചൂണ്ടിക്കാട്ടിയപ്പോൾ 25 ലക്ഷം രൂപ അടക്കാന്‍ നിര്‍ദേശിച്ച കോടതി ബാക്കി തുകക്ക് ഒരു മാസത്തെ സമയം അനുവദിക്കുകയുമായിരുന്നു.