കായംകുളം: കായംകുളത്തിനടുത്ത് ചേപ്പാട് ഏവൂരില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനെ വീട്ടില്‍ കയറി വെട്ടിക്കൊലപ്പെടുത്തി. ഏവൂര്‍ വടക്ക് സുനില്‍ ഭവനത്തില്‍ രാമചന്ദ്രന്റെ മകന്‍ സുനില്‍കുമാര്‍ (29) ആണ് കൊല്ലപ്പെട്ടത്.
ഇന്ന് പുലര്‍ച്ചെ പത്തംഗസംഘം വീടുവളഞ്ഞ് ആക്രമിക്കുകയായിരുന്നു. കതകില്‍ തട്ടി വിളിച്ചിറക്കിയശേഷം ആണ് വെട്ടിയത്. ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച സുനില്‍ വീട്ടുവളപ്പില്‍ തന്നെ അവശനായി വീണു. വീട്ടുകാരുടെ നിലവിളി കേട്ട് നാട്ടുകാര്‍ ഓടിക്കൂടിയതോടെ അക്രമിസംഘം രക്ഷപ്പെട്ടു. സുനിലിനെ ഉടന്‍ ഹരിപ്പാട് ഗവണ്‍മെന്റ് ആശുപത്രിയിലും ആലപ്പുഴ മെഡിക്കല്‍ കോളജിലും എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
കഴിഞ്ഞ 11ന് ഏവൂരില്‍ ഒരു യുവാവിനെ സുനില്‍ മര്‍ദിച്ചിരുന്നുവെന്നും ഇതിനെ ചൊല്ലിയുള്ള തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നുമാണ് പൊലീസ് നല്‍കുന്ന പ്രാഥമിക വിശദീകരണം. നാലു പേരെ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. സുനിലിന്റെ ഭാര്യ പ്രിഞ്ജു, മാതാവ് രുഗ്മിണി. സംഭവത്തില്‍ പ്രതിഷേധിച്ച് ചേപ്പാട് പഞ്ചായത്തില്‍ കോണ്‍ഗ്രസ് ഹര്‍ത്താല്‍ ആചരിക്കുകയാണ്.