രാജ്യദ്രോഹക്കേസില്‍ അറസ്റ്റിലായവരെ ചോദ്യം ചെയ്യുന്നത് തുടരുന്നു

10:38am 26/2/2016
umar-anirban

ന്യൂഡല്‍ഹി: രാജ്യദ്രോഹക്കേസില്‍ അറസ്റ്റിലായ ഉമര്‍ ഖാലിദിനെയും അനിര്‍ബന്‍ ഭട്ടാചാര്യയെയും പൊലീസ് ചോദ്യം ചെയ്യുന്നത് തുടരുന്നു. എന്നാല്‍, രഹസ്യസ്വഭാവം കാത്തുസൂക്ഷിക്കാനുള്ള ഡല്‍ഹി ഹൈകോടതി ഉത്തരവിനത്തെുടര്‍ന്ന് പൊലീസ് വിവരങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല. എ.സി.പി റാങ്കിലുള്ള ഉദ്യോഗസ്ഥര്‍ നയിക്കുന്ന രണ്ട് വ്യത്യസ്ത സംഘങ്ങളാണ് ഇരുവരെയും ചോദ്യം ചെയ്യുന്നതെന്ന് പൊലീസ് വൃത്തങ്ങള്‍ വെളിപ്പെടുത്തി.

അതേസമയം, ഉമര്‍ ഖാലിദിന്റെയും അനിര്‍ബന്‍ ഭട്ടാചാര്യയുടെയും ശബ്ദസാമ്പിളുകള്‍ ശേഖരിക്കാനുള്ള അപേക്ഷ മെട്രോപൊളിറ്റന്‍ മജിസ്‌ട്രേറ്റ് തള്ളി. ജെ.എന്‍.യു കാമ്പസില്‍ ഫെബ്രുവരി ഒമ്പതിന് ദേശവിരുദ്ധമുദ്രാവാക്യങ്ങള്‍ മുഴക്കിയെന്ന കേസില്‍ ഫോറന്‍സിക് അന്വേഷണത്തിനായാണ് ശബ്ദസാമ്പിളുകള്‍ ആവശ്യപ്പെട്ടത്. ഇരുവരെയും മൂന്ന് ദിവസത്തെ പൊലീസ് കസ്റ്റഡിയിലാണ് വിട്ടത്. പൊലീസ് ഒരാഴ്ചയാണ് ആവശ്യപ്പെട്ടത്. ജെ.എന്‍.യു വിദ്യാര്‍ഥി യൂനിയന്‍ പ്രസിഡന്റ് കനയ്യ കുമാറിനെയും വിട്ടുനല്‍കാന്‍ പൊലീസ് ആവശ്യപ്പെട്ടിരുന്നു. മൂവരെയും ഒരുമിച്ച് ചോദ്യം ചെയ്യുന്നതിനാണിത്. ചോദ്യം ചെയ്യലിനിടെ മൂവര്‍ക്കും യാതൊരു പരിക്കുമേല്‍ക്കുന്നില്‌ളെന്ന് പൊലീസ് ഉറപ്പാക്കണമെന്ന് ഡല്‍ഹി ഹൈകോടതി ഉത്തരവിട്ടിരുന്നു.

അതിനിടെ, പൊലീസ് തിരയുന്ന വിദ്യാര്‍ഥികളില്‍ മൂന്നുപേര്‍ തങ്ങളെ ബന്ധപ്പെടാനുള്ള വിലാസം വെളിപ്പെടുത്തി പൊലീസിന് കത്തെഴുതി. ചോദ്യം ചെയ്യലിനോ അറസ്റ്റിനോ സന്നദ്ധരാണെന്നും ജെ.എന്‍.യു വിദ്യാര്‍ഥി യൂനിയന്‍ ജനറല്‍ സെക്രട്ടറി രമ നാഗ, അഷുതോഷ് കുമാര്‍, ആനന്ദ് പ്രകാശ് എന്നിവര്‍ കത്തില്‍ പറഞ്ഞു. കനയ്യ കുമാറിനെ രാജ്യദ്രോഹക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തതിന് പിന്നാലെ മൂവരും ഒളിവില്‍ പോകുകയായിരുന്നു. ഞായറാഴ്ച രാത്രി അവര്‍ കാമ്പസില്‍ തിരിച്ചത്തെി. ഉമറും അനിര്‍ബനും കീഴടങ്ങിയതോടെയാണ് പൊലീസിന് കത്തയച്ചത്. ഹോസ്റ്റല്‍ മുറിയുടെ നമ്പറും ബന്ധപ്പെടാനുള്ള വിലാസവും കത്തില്‍ പറയുന്നുണ്ടെന്ന് പൊലീസ് പറഞ്ഞു.