ന്യൂഡല്‍ഹി: ഇന്ത്യ സഹിഷ്ണുതയുടെ രാജ്യമാണെന്നും എന്നാല്‍ വിദ്വേഷം വളര്‍ത്തുന്നവര്‍ ഇവിടെയുണ്ടെന്നും ബോളിവുഡ് നടന്‍ ആമിര്‍ ഖാന്‍. ഈ ആളുകളെ അത്തരം പ്രവര്‍ത്തനങ്ങളില്‍ നിന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി തടയണമെന്നും ആമിര്‍ഖാന്‍ പറഞ്ഞു. ഇന്ത്യാ ടിവി ചാനലിലെ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ആമിര്‍. നേരത്തെ ഇന്ത്യയില്‍ അസഹിഷ്ണുത നിലനില്‍ക്കുന്നുവെന്ന് ആമിര്‍ഖാന്‍ പറഞ്ഞത് വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു.
ഈ രാജ്യം വിഭജിക്കണമെന്ന് പറയുന്നവരുടെ കൂട്ടത്തില്‍ എല്ലാ മതസ്ഥരുമുണ്ട്. മോദി നമ്മുടെ പ്രധാനമന്ത്രിയാണ്. നമുക്ക് ഇക്കാര്യങ്ങള്‍ അദ്ദേഹത്തോട് പറയാം. മോദിക്ക് മാത്രമേ അവരെ തടയാന്‍ സാധിക്കൂ. നീതിന്യായ വ്യവസ്ഥയില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളില്‍ നിന്നുമാണ് നമുക്ക് സുരക്ഷ ലഭിക്കുന്നത്. നിയമം എല്ലാവര്‍ക്കും ഒരുപോലെയാണ്. ആരും നിയമത്തിന് അതീതരല്ല. എന്നാല്‍ ചിലയാളുകള്‍ വിദ്വേഷം പ്രചരിപ്പിക്കുകയാണ്.
ഇന്ത്യ അസഹിഷ്ണുത രാജ്യമാണ് എന്ന് താന്‍ ഒരിക്കലും പറഞ്ഞിട്ടില്ല. രാജ്യത്ത് അരക്ഷിതാവസ്ഥയും അസഹിഷ്ണുതാന്തരീക്ഷവും വളരുന്നു എന്നാണ് പറഞ്ഞത്. അസഹിഷ്ണുത വളരുന്നുണ്ട് എന്ന് പറ!യുന്നതും ഇന്ത്യ അസഹിഷ്ണത രാജ്യമാണ് എന്ന് പറയുന്നതും രണ്ടാണ്. തന്റെ വാക്കുകള്‍ തെറ്റായി വ്യാഖ്യാനിക്കുകയായിരുന്നു.
സര്‍ക്കാര്‍ ഒഴിവാക്കിയാലും ഇന്ത്യയുടെ ബ്രാന്‍ഡ് അംബാസഡറായി തുടരും. എനിക്ക് ഇന്ത്യ അമ്മയാണ്. അതൊരു ബ്രാന്‍ഡല്ല. എന്റെ അമ്മയെ എനിക്ക് ഒരു ബ്രാന്‍ഡായി കാണാന്‍ സാധിക്കില്ല. മറ്റുള്ളവര്‍ക്ക് അങ്ങനെയായിരിക്കാം, എനിക്കല്ല. പത്ത് വര്‍ഷം ഞാന്‍ ഇന്‍ക്രഡിബ്ള്‍ ഇന്ത്യയുടെ ബ്രാന്‍ഡ് അംബാസഡറായി. ഇത്തരം പൊതുസേവന കാമ്പയിനുകള്‍ക്ക് ഇതുവരെ താന്‍ ഒരു നയാപൈസപോലും സര്‍ക്കാറില്‍ നിന്ന് പ്രതിഫലം പറ്റിയിട്ടില്ല.