രോഹിത് വെമുലയാണ് എന്റെ മതൃക കനയ്യ

6:09pm 4/3/2016
th

ന്യൂഡല്‍ഹി: അഫ്‌സല്‍ ഗുരുവല്ല, രോഹിത് വെമുലയാണ് തന്റെ മാതൃകയെന്ന് ജെ.എന്‍.യു വിദ്യാര്‍ഥി യൂനിയന്‍ നേതാവ് കനയ്യ കുമാര്‍. ജെ.എന്‍.യുവിലെ വിദ്യാര്‍ഥികളില്‍ ദേശവിരുദ്ധരില്ലെന്ന് തനിക്കുറപ്പാണ്. കേന്ദ്ര സര്‍വകലാശാലയിലെ വിദ്യാര്‍ഥികള്‍ പൊതുപണം ഉപയോഗിച്ചാണ് പഠിക്കുന്നതെന്നും അതിനോട് നീതി പുലര്‍ത്തണമെന്നുമുള്ള കേന്ദ്ര പാര്‍ലമെന്ററി കാര്യ മന്ത്രി വെങ്കയ്യ നായിഡുവിന് മറുപടിയായി നികുതി നല്‍കുന്നവരുടെ പണം സുരക്ഷിതമാണെന്ന് കനയ്യ പറഞ്ഞു. ഡല്‍ഹിയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഞാന്‍ ഒരു നേതാവല്ല, വിദ്യാര്‍ഥിയാണ്. അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ പരിമിതി തനിക്ക് മനസിലാകും. എന്നാല്‍ എന്താണ് സ്വാതന്ത്യമെന്നും തനിക്കറിയാമെന്നും കനയ്യ പറഞ്ഞു.

അംബേദികറിന്റെ സ്വപ്നം യാഥാര്‍ഥ്യമാക്കാനാണ് ജെ.എന്‍.യുവിലെ വിദ്യാര്‍ഥികള്‍ സമരം ചെയ്യുന്നത്. ഭരണഘടനയുടെ ആത്മാവ് നശിപ്പിക്കുന്ന എല്ലാ ശക്തികളെയും ഞങ്ങള്‍ ചെറുത്ത് തോല്‍പിക്കും. ഭരണഘടനയെന്നാല്‍ വെട്ടിമാറ്റാവുന്ന വിഡിയോ അല്ല. സര്‍ക്കാറിനെതിരെ ആരെങ്കിലും സംസാരിച്ചാല്‍ ഉടന്‍ തന്നെ കോണ്ടം തെരയാന്‍ വേണ്ടി ഉദ്യോഗസ്ഥരെ നിയോഗിക്കുമെന്നും കനയ്യ പരിഹസിച്ചു.

ഞങ്ങള്‍ തീവ്രവാദികളല്ല. ഫെബ്രുവരി 9ന് നടന്ന സംഭവത്തെ അപലപിക്കുന്നു. അവ രാജ്യദ്രോഹമാണോ അല്ലയൊ എന്ന് കോടതി തീരുമാനിക്കട്ടെ. വിദ്യാര്‍ഥി സമരങ്ങളെ അടിച്ചമര്‍ത്താന്‍ രാജ്യദ്രോഹ കുറ്റം ഉപയോഗിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.

കഴിഞ്ഞ ദിവസം ജയില്‍ മോചിതനായ കനയ്യ ജെ.എന്‍.യു കാമ്പസിലും വിദ്യാര്‍ഥികളെ അഭിസംബോധന ചെയ്തിരുന്നു. ഫെബ്രുവരി 12നാണ് രാജ്യദ്രോഹ കുറ്റം ചുമത്തി കനയ്യയെ പൊലീസ് അറസ്റ്റ്‌ െചയ്യുന്നത്. പിന്നീട് ഡല്‍ഹി ഹൈകോടതി ആറുമാസത്തേക്ക് ഇടക്കാല ജാമ്യം നല്‍കിയതോടെയാണ് കനയ്യ തിഹാര്‍ ജയിലില്‍ നിന്ന് പുറത്തിറങ്ങിയത്.