ലോക്നാഥ് ബെഹ്റ പൊലീസ് മേധാവി

08:36am 31/5/2016
07398c13ad53147b746c0cb8f8ecf158
തിരുവനന്തപുരം: പൊലീസ് തലപ്പത്ത് വന്‍ അഴിച്ചുപണി. സംസ്ഥാന പൊലീസ് മേധാവി സ്ഥാനത്ത് നിന്ന് ടി.പി. സെന്‍കുമാറിനെ മാറ്റി. പകരം ഫയര്‍ഫോഴ്സ് മേധാവി ലോക്നാഥ് ബെഹ്റയെ നിയമിച്ചു. എന്‍. ശങ്കര്‍റെഡ്ഡിയെ വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് നീക്കി ഡോ.ജേക്കബ് തോമസിനെ നിയമിച്ചു. അവധിയിലായ ശങ്കര്‍ റെഡ്ഡിക്ക് പകരംചുമതല നല്‍കിയിട്ടില്ല.

ടി.പി. സെന്‍കുമാറിനെ കേരള പൊലീസ് ഹൗസിങ് കണ്‍സ്ട്രക്ഷന്‍ കോര്‍പറേഷന്‍ എം.ഡിയാക്കി. നേര​െത്ത ജേക്കബ് തോമസനായിരുന്നു പൊലീസ് ഹൗസിങ് കണ്‍സ്ട്രക്ഷന്‍ കോര്‍പറേഷ​െൻറ ചുമതല.തിങ്കളാഴ്ച രാത്രിയോടെയാണ് ഇത് സംബന്ധിച്ച ഉത്തരവില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഒപ്പുവെച്ചത്. ചൊവ്വാഴ്ചയേ ഇത് സംബന്ധിച്ച് ഉത്തരവിറങ്ങൂ. വിരമിക്കാന്‍ ഒരുവര്‍ഷം ശേഷിക്കെയാണ് സെന്‍കുമാറിനെ ഡി.ജി.പി സ്ഥാനത്ത് നിന്ന് നീക്കുന്നത്. മന്ത്രിസഭ അധികാരമേറ്റയുടനെ ദക്ഷിണ മേഖല എ.ഡി.ജി.പി കെ. പത്മകുമാറിനെ മാറ്റി ബി. സന്ധ്യയെ നിയമിച്ചിരുന്നു.

ജേക്കബ് തോമസും ബെഹ്റയും 1986 ബാച്ചിലെ ഐ.പി.എസ് ഓഫിസര്‍മാരാണ്. ആലപ്പുഴ എ.എസ്.പിയായാണ് ബെഹ്റയുടെ തുടക്കം. ആലപ്പുഴ, കണ്ണൂര്‍ എസ്.പി ചുമതലകള്‍ വഹിച്ചു. എന്‍.ഐ.എ അഡീഷനല്‍ ഡയറക്ടറായിരുന്നു. മുംബൈ സ്ഫോടനക്കേസിലെ ഡേവിഡ് കോള്‍ മാന്‍ ഹെഡ്ലിയുടെ അറസ്റ്റ്, കാലിത്തീറ്റ കുംഭകോണക്കേസിലെ ലാലു പ്രസാദിന്‍െറ അറസ്റ്റ് എന്നിങ്ങനെ ദേശീയ പ്രാധാന്യമുള്ള ഒട്ടേറെ കേസുകളില്‍ അന്വേഷണചുമതല വഹിച്ചിട്ടുണ്ട്.