വടക്കാഞ്ചേരി മണ്ഡലത്തിലുണ്ടായ തോല്‍വി പരിശോധിക്കാന്‍ സിപിഎം അന്വേഷണ കമ്മിഷന്‍

10:40am 24/6/2016
download (4)
തൃശൂര്‍ :നിയമസഭ തിരഞ്ഞെടുപ്പില്‍ വടക്കാഞ്ചേരി മണ്ഡലത്തിലുണ്ടായ തോല്‍വി പരിശോധിക്കാന്‍ സിപിഎം തൃശൂര്‍ ജില്ല കമ്മിറ്റി അന്വേഷണ കമ്മിഷനെ നിയോഗിച്ചു. ഇരിങ്ങാലക്കുടയിലെയും കെപിഎസി ലളിതയുടെയും സ്ഥാനാര്‍ഥിത്വത്തെ ചൊല്ലിയുണ്ടായ പ്രശ്‌നങ്ങളും ജില്ലാ കമ്മിറ്റിയംഗം യു.പി.ജോസഫ്, കെ.വി. അബ്ദുള്‍ ഖാദര്‍ എം. എല്‍.എ എന്നിവരടങ്ങിയ കമ്മിഷന്‍ പരിശോധിക്കും.

തൃശൂരിലെ 13 മണ്ഡലങ്ങളില്‍ 12ലും എല്‍ഡിഎഫ് വിജയിച്ചപ്പോള്‍ വടക്കാഞ്ചേരിയില്‍ സിപിഎം സ്ഥാനാര്‍ഥി മേരി തോമസ് കോണ്‍ഗ്രസിന്റെ അനില്‍ അക്കരയോട് പരാജയപ്പെട്ടു. അതും വെറും 43 വോട്ടിന്. ഇടത് അനുകൂലതരംഗത്തിലും വടക്കാഞ്ചേരിയില്‍ എന്തു സംഭവിച്ചുവെന്നറിയാനാണ് അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിനൊപ്പം വടക്കാഞ്ചേരിയിലും ഇരിങ്ങാലക്കുടയിലും സ്ഥാനാഥി നിര്‍ണയത്തെചൊല്ലിയുണ്ടായ പ്രശ്‌നങ്ങളും അന്വേഷണ പരിധിയില്‍ ഉള്‍പ്പെടുത്തി. വടക്കാഞ്ചേരിയില്‍ കെപിഎസി ലളിതയെയായിരുന്നു ആദ്യം സ്ഥാനാര്‍ഥിയായി നിശ്ചയിച്ചത്. ഇതിനെതിരെ പ്രാദേശിക പ്രവര്‍ത്തകര്‍ തെരുവിലിറങ്ങി വരെ പ്രതിഷേധിച്ചു.

ജില്ലാ സെക്രട്ടറിയേറ്റംഗം സേവ്യര്‍ ചിറ്റിലപ്പിള്ളിയെ സ്ഥാനാര്‍ഥിയാക്കണമെന്നാവശ്യപ്പെട്ടായിരുന്നു പ്രതിഷേധങ്ങള്‍. ഇതോടെയാണ് കെപിഎസി ലളിതയെ പിന്‍വലിച്ച് മേരി തോമസിനെ സ്ഥാനാര്‍ഥിയാക്കാന്‍ സംസ്ഥാന നേതൃത്വത്തിന് തീരുമാനിക്കേണ്ടിവന്നത്. ഇരിങ്ങാലക്കുടയില്‍ സാംസ്‌കാരിക പ്രവര്‍ത്തകനായ എന്‍. ആര്‍. ഗ്രാമപ്രകാശിന് സ്ഥാനാര്‍ഥിയാക്കാനായിരുന്നു ആദ്യ ആലോചന. എന്നാല്‍ മുന്‍ ഡിവൈഎഫ്‌ഐ നേതാവും വി.എസ്. പക്ഷക്കാരനായിരുന്ന ടി. ശശിധരന് വേണ്ടി പ്രാദേശിക വികാരമുണ്ടയി. ഇതോടെ ഇവിടെയും ജില്ലാ നേതൃത്വത്തിന്റെ തീരുമാനം മാറ്റേണ്ടിവന്നു. ഈ സാഹചര്യങ്ങള്‍ കണക്കിലെടുത്താണ് ഈ രണ്ട് മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥി നിര്‍ണയപ്രശ്‌നങ്ങള്‍ പരിശോധിക്കുന്നത്. 17ന് ചേര്‍ന്ന ജില്ലാ കമ്മിറ്റിയാണ് ഗുരുവായൂര്‍ എംഎല്‍എ കെ.വി. അബ്ദുള്‍ ഖാദര്‍, ജില്ലാ സെക്രട്ടറിയേറ്റംഗം യു.പി.ജോസഫ് എന്നിവരടങ്ങിയ കമ്മീഷനെ ചുമതലപ്പെടുത്തിയത്‌