വിജയ് മല്ല്യയെ രാജ്യം വിടാന്‍ അനുവദിക്കരുത് :ബാങ്കുകള്‍ സുപ്രീംകോടതിയില്‍

03:17pm 8/3/2016

images (5)

ന്യൂഡല്‍ഹി: കിങ്ഫിഷര്‍ ഉടമയുമായ വിജയ് മല്ല്യയെ ഇന്ത്യ വിട്ടുപോകാന്‍ അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട് എസ്.ബി.ഐയും മറ്റുബാങ്കുകളും സുപ്രീംകോടതിയില്‍ ഹരജി നല്‍കി. ഹരജി ബുധനാഴ്ച പരിഗണിക്കുമെന്നു സുപ്രീം കോടതി അറിയിച്ചു.

കിംഗ്ഫിഷര്‍ എയര്‍ലൈന്‍സ് വായ്പ തിരിച്ചടയ്ക്കാത്ത സംഭവത്തില്‍ തിങ്കളാഴ്ച എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് മല്ല്യക്കെതിരേ കേസെടുത്തിരുന്നു. മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പൊതുമേഖല ബാങ്കായ ഐ.ഡി.ബി.ഐ, കിംഗ് ഫിഷര്‍ എയര്‍ലൈന്‍സിന് ചട്ട വിരുദ്ധമായി വായ്പ നല്‍കിയതിലൂടെ 900കോടിയുടെ നഷ്ടമാണുണ്ടായെന്ന സി.ബി.ഐ രജിസ്റ്റര്‍ ചെയ്ത എഫ്.ഐ.ആറിന്റെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. മല്ല്യക്കു പുറമേ ഐ.ഡി.ബി.ഐ ബാങ്ക് ഉദ്യോഗസ്ഥര്‍ക്കെതിരെയും കേസുണ്ട്. വായ്പാ വ്യവസ്ഥകള്‍ ലംഘിച്ചാണ് വിജയ് മല്ല്യക്ക് ബാങ്ക് ലോണ്‍ നല്‍കിയത്. അന്വേഷണവുമായി ബന്ധപ്പെട്ട് 2015 ഒക്ടോബറില്‍ മല്ല്യയുടെ വീട്ടില്‍ നടത്തിയ റെയ്ഡില്‍ ക്രമക്കേടുമായ് ബന്ധപ്പെട്ട രേഖകള്‍ കണ്ടെടുത്തിട്ടുണ്ട്.

അതിനിടെ, മല്ല്യ തന്റെ മദ്യ കമ്പനിയായ കിങ് ഫിഷര്‍ ബ്രിട്ടീഷ് മദ്യ കമ്പനി ഡിയാഗിയോക്ക് വില്‍പന നടത്തിയ വഴി കിട്ടിയ 515 കോടി രൂപ ഡെറ്റ് റിക്കവറി ട്രൈബ്യൂണല്‍ തിങ്കളാഴ്ച മരവിപ്പിച്ചിരുന്നു. കേസില്‍ തീര്‍പ്പാകുന്നതു വരെ ഈ പണം വിജയ് മല്ല്യക്ക് ഉപയോഗിക്കാനാവില്ല. 7000 കോടി രൂപയുടെ വായ്പ തിരിച്ചടക്കുന്നതില്‍ വീഴ്ച വരുത്തിയ വിജയ് മല്ല്യയെ അറസ്റ്റ് ചെയ്യണമെന്നും പാസ്‌പോര്‍ട്ട് കണ്ടുകെട്ടണമെന്നും ആവശ്യപ്പെട്ട് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയാണ് ഡെറ്റ് റിക്കവറി ട്രൈബ്യൂണലില്‍ പരാതി നല്‍കിയത്.