സര്‍ക്കാരിനെ വെട്ടിലാക്കി ഫോണ്‍ സംഭാഷണങ്ങള്‍

download

1/2/2016

കൊച്ചി: സോളാര്‍ കേസില്‍ കോണ്‍ഗ്രസ് നേതാക്കളും മുഖ്യമന്ത്രിയുടെ മുന്‍ ഗണ്‍ മാന്‍ സലീം രാജും നടത്തിയ ഫോണ്‍ സംഭാഷണങ്ങളുടെ സിഡി പുറത്തുവന്നു. സോളാര്‍ കമ്മീഷനില്‍ സരിത നല്‍കിയ സിഡികളാണ് ദൃശ്യ മാധ്യമങ്ങളിലൂടെ പുറത്തുവന്നത്. സരിതയെ സലീം രാജ് മൊഴി പഠിപ്പിക്കുന്ന സംഭാഷണങ്ങളാണ് ഒരു സിഡിയിലുള്ളത്.
മുഖ്യമന്ത്രിയുടെ ഓഫീസിലെ ഫോണ്‍ ദുരുപയോഗം ചെയ്‌തെന്ന കേസില്‍ സരിതയുടെ മൊഴി എടുക്കുന്നതിന് തൊട്ടു മുമ്പാണ് സലീം രാജ്, സരിതയെ വിളിച്ചത്. എന്തു പറയണം , എങ്ങനെ പറയണമെന്ന കൃത്യമായി എഴുതി തയ്യാറാക്കിയ ഉത്തരങ്ങള്‍ സരിതയെ സലീം രാജ് വായിച്ചു കേള്‍പ്പിക്കുകയായിരുന്നു. താനുമായി അതിരുവിട്ട സംസാരമുണ്ടായിട്ടില്ലെന്ന് പറയണം. മുമ്പ് നല്‍കിയ മൊഴി അന്വേഷണ ഉദ്യോഗസ്ഥര്‍ നിര്‍ബന്ധിച്ച് പറയിച്ചതാണെന്ന് പറയണം.
മുഖ്യമന്ത്രിയെ ഒരു തവണയെ കണ്ടിട്ടുള്ളുവെന്ന് പറയണമെന്നും സലീം രാജ് പറയുന്നു. കടപ്ലാമറ്റത്ത് വച്ച് ഉമ്മന്‍ ചാണ്ടിയെ കണ്ടിട്ടില്ലെന്ന് പറയണമെന്ന് സലീം രാജ് പറയുമ്പോള്‍, അത് തന്റെ മറ്റ് കേസുകളെ ബാധിക്കുമെന്ന് സരിത പറയുന്നു. അങ്ങനെയെങ്കില്‍ ആ ചോദ്യം തന്നെ ഒഴിവാക്കാഗ. ഒരുതരത്തിലും മുഖ്യമന്ത്രിയെ ഉള്‍പ്പെടുത്തുന്ന മൊഴി കൊടുക്കരുതെന്നും സലീം രാജ് പറയുന്നു.
നേരത്തെ ബെന്നി ബെഹനാനും സരിതയും ബെന്നി ബെഹനാനും സരിതയുടെ മുന്‍ അഭിഭാഷകന്‍ ഫെനി ബാലകൃഷ്ണനും ഏബ്രഹാം കലമണ്ണിലും സരിതയുടെ സഹായിയും സംസാരിക്കുന്നതിന്റെ തെളിവുകളും പുറത്തുവന്നു. ചിരപരിചിതരായ രണ്ട് വ്യക്തികളെപ്പോലെയാണ് സരിതയും ബെന്നി ബെഹനാനും സംസാരിക്കുന്നത്. മുഖ്യമന്ത്രി തന്നെ തരംതാണ രീതിയില്‍ വിശേഷിപ്പിക്കുന്നു. സര്‍ക്കാരിനെ സംരക്ഷിക്കാന്‍ താനെന്തിന് ഇങ്ങനെ അനുഭവിക്കണമെന്നും സരിത ചോദിക്കുന്നു. സരിതയെ സംരക്ഷിക്കാമെന്ന ആവര്‍ത്തിച്ചുള്ള ഉറപ്പും ബെന്നി ബെഹനാന്‍ നല്‍കുന്നുണ്ട്.
മുന്‍ ധാരണ പ്രകാരം മൊഴി നല്‍കാമെന്നാണ് ബെന്നി ബെഹനാനുമായി നടത്തിയ ഫോണ്‍ സംഭാഷണത്തില്‍ ഫെനി പറയുന്നത്. നേരത്തെ സരിതയെ വിളിച്ചതായി തമ്പാനൂര്‍ രവിയും സമ്മതിച്ചിരുന്നു.