സുജിത്ത് വധം: മുഴുവന്‍ പ്രതികളെയും തിരിച്ചറിഞ്ഞു; ആറുപേര്‍ കസ്റ്റഡിയില്‍

17/02/2016
sujith_0
സുജിത്ത്
കണ്ണൂര്‍: ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ അരോളി ആസാദ് കോളനിയിലെ പരക്കോത്ത് വളപ്പില്‍ സുജിത്തിനെ (27) കൊലപ്പെടുത്തിയ സംഭവത്തില്‍ മുഴുവന്‍ പ്രതികളെയും തിരിച്ചറിഞ്ഞതായി ജില്ലാ പൊലീസ് മേധാവി പി. ഹരിശങ്കര്‍ പറഞ്ഞു. സംഭവത്തില്‍ ആറുപേരെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നു. മറ്റുള്ളവരെയും ഉടന്‍ പിടികൂടുമെന്ന് അദ്ദേഹം പറഞ്ഞു.

സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് കല്യാശ്ശേരി, പാപ്പിനിശ്ശേരി പ്രദേശങ്ങളില്‍ 144ാം വകുപ്പ് പ്രകാരം നിരോധാജ്ഞ ഏര്‍പ്പെടുത്തിയതായും ജില്ലാ പൊലീസ് മേധാവി അറിയിച്ചു. കനത്ത പൊലീസ് സന്നാഹമാണ് പ്രദേശത്ത് ഏര്‍പ്പെടുത്തിയത്. ജില്ലാ പൊലീസ് മേധാവി പി. ഹരിശങ്കര്‍, ഡിവൈ.എസ്.പിമാരായ കെ.കെ. മൊയ്തീന്‍കുട്ടി, ടി.പി. രഞ്ജിത്ത്, സി.ഐമാരായ രത്‌നകുമാര്‍, സുഗുണന്‍ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് സുരക്ഷാ സന്നാഹം ഒരുക്കിയത്.കീച്ചേരി കുന്ന്, കീച്ചേരി സ്റ്റോപ്പ്, വേളാപുരം, കൊല്ലപ്പെട്ട സുജിത്തിന്റെ വീടിന്റെ പരിസരം എന്നിവിടങ്ങളില്‍ പൊലീസ് നിലയുറപ്പിച്ചിട്ടുണ്ട്. ആയുധങ്ങള്‍ കണ്ടത്തൊന്‍ ഇന്നലെ രാത്രി വൈകിയും ജില്ലയില്‍ വ്യാപക തിരച്ചില്‍ നടത്തി.