12:03pm
14/02/2016
ന്യൂഡല്‍ഹി: സുനന്ദ പുഷ്‌കറിന്റെ ദുരൂഹ മരണത്തില്‍ ഭര്‍ത്താവും കോണ്‍ഗ്രസ് എം.പിയുമായ ശശി തരൂരിനെ വീണ്ടും ചോദ്യം ചെയ്തു. ശനിയാഴ്ച രാത്രിയില്‍ ഡല്‍ഹി പൊലീസിന്റെ പ്രത്യേക സംഘം നടത്തിയ ചോദ്യം ചെയ്യല്‍ അഞ്ച് മണിക്കൂര്‍ നീണ്ടുനിന്നു.
സുനന്ദയുടെ മരണത്തില്‍ ദുരൂഹതയുള്ളതായി സംശയിക്കുന്നില്ലെന്നും അമിത മരുന്ന് ഉപയോഗമാകാം മരണ കാരണമെന്നും തരൂര്‍ മൊഴി നല്‍കിയതായാണ് റിപ്പോര്‍ട്ട്. സുനന്ദ കഴിക്കുന്ന മരുന്നുകള്‍ വാങ്ങിച്ചത് സംബന്ധിച്ചും അന്വേഷണ സംഘം തരൂരില്‍ നിന്ന് വിശദാംശങ്ങള്‍ തേടിയിട്ടുണ്ട്.
കേസിന്റെ ഭാഗമായി മൂന്നു തവണ തരൂരിനെയും അദ്ദേഹത്തിന്റെ സഹായി നാരായണ്‍ സിങ്, െ്രെഡവര്‍ ബജ്‌റംഗി, സുഹൃത്ത് സഞ്ജയ് ധവാന്‍ എന്നിവരെ നേരത്തെ ചോദ്യം ചെയ്തിരുന്നു.
സുനന്ദയുടെ മരണം വിഷാംശം മൂലമാണെന്നും ഉത്കണ്ഠ ശമിപ്പിക്കാനുള്ള ആല്‍പ്രാക്‌സ് മരുന്ന് അമിത അളവില്‍ ശരീരത്തില്‍ ഉണ്ടായിരുന്നുവെന്നും അഖിലേന്ത്യാ മെഡിക്കല്‍ സയന്‍സസ് ഇന്‍സ്റ്റിറ്റിയൂട്ടി (എയിംസ്)ലെ മെഡിക്കല്‍ ബോര്‍ഡിന്റെ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നത്.
ഈ മരുന്ന് എവിടെ നിന്ന് വാങ്ങിയതെന്ന് കണ്ടെത്താന്‍ തരൂരിന്റെ ഔദ്യോഗിക വസതി സ്ഥിതി ചെയ്യുന്നതിന് അടുത്തുള്ള ലോധി കോളനിയിലെ മെഡിക്കല്‍ ഷോപ്പുകളിലെ ജീവനക്കാരെയും ചോദ്യം ചെയ്തിരുന്നു. ഇവരില്‍ നിന്ന് ലഭിച്ച വിവരങ്ങള്‍ വിശദമായി പരിശോധിച്ച ശേഷമാണ് തരൂരിനെ വീണ്ടും ഡല്‍ഹി പൊലീസ് ചോദ്യം ചെയ്തത്.
സുനന്ദയുടെ ആന്തരാവയവങ്ങളുടെ പരിശോധനയില്‍ അമിതമായി കഴിച്ച മരുന്നിന്റെ അംശം യു.എസ് അന്വേഷണ ഏജന്‍സിയായ എഫ്.ബി.ഐ കണ്ടെത്തിയിരുന്നു. ശരീരത്തില്‍ ലിഡോകേയ്ന്‍ എന്ന രാസപദാര്‍ഥത്തിന്റെറ സാന്നിധ്യമുള്ളതായി എഫ്.ബി.ഐ റിപ്പോര്‍ട്ടില്‍ പറഞ്ഞിട്ടുമുണ്ട്.