12:25 pm 09/12/2016

മുട്ടം (ഇടുക്കി): യൂത്ത് കോണ്‍ഗ്രസ് നേതാവായിരുന്ന അഞ്ചേരി ബേബി വധിക്കപ്പെട്ട കേസിലെ പ്രതികൾ നൽകിയ വിടുതല്‍ ഹരജിയില്‍ വിധി പറയുന്നത് കോടതി മാറ്റി. തൊടുപുഴ അഡീഷനല്‍ ഡിസ്ട്രിക്ട് ആന്‍ഡ് സെഷന്‍സ് കോടതി ഡിസംബർ 24ലേക്ക് മാറ്റിയത്. കോടതി നടപടികൾ ആരംഭിച്ച ഉടൻതന്നെ കേസ് വിധി പറയുന്നതു മാറ്റിവെക്കുന്നതായി ജഡ്ജി അറിയിച്ചു.
വൈദ്യുതി മന്ത്രിയും സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റംഗവുമായ എം.എം. മണി കേസിലെ രണ്ടാം പ്രതി. പാമ്പുപാറ കുട്ടന്‍, ഒ.ജി. മദനന്‍ എന്നിവരാണ് ഒന്നും മൂന്നും പ്രതികള്‍. സി.പി.എം ജില്ല സെക്രട്ടറി കെ.കെ. ജയചന്ദ്രന്‍ ഉള്‍പ്പെടെ മൂന്നു പേരെ കൂടി പ്രതി ചേര്‍ക്കണമെന്ന സ്പെഷല്‍ പ്രോസിക്യൂട്ടര്‍ സിബി ചേനപ്പാടിയുടെ ഹരജിയും വിധി പറയുന്നതും 24ലേക്ക് മാറ്റിയിട്ടുണ്ട്.
1982 നവംബര്‍ 13നാണ് ബേബി വധിക്കപ്പെട്ടത്. 1986 മാര്‍ച്ച് 21ന് ഒമ്പത് പ്രതികളെയും സംശയത്തിന്‍െറ ആനുകൂല്യത്തില്‍ വെറുതെ വിട്ടു. എന്നാല്‍, 2012 മേയ് 25ന് തൊടുപുഴ മണക്കാട്ട് എം.എം. മണി വിവാദമായ വണ്‍, ടു, ത്രീ പ്രസംഗത്തിലൂടെ നടത്തിയ വെളിപ്പെടുത്തലിന്‍െറ അടിസ്ഥാനത്തില്‍ കേസ് പ്രത്യേക അന്വേഷണ സംഘം ഏറ്റെടുക്കുകയായിരുന്നു.
മന്ത്രിയായ എം.എം.മണിക്കും സി.പി.എമ്മിനും അഞ്ചേരി ബേബി വധക്കേസിലെ വിധി നിർണായകമാണ്.
