അഞ്ച് വിമാനത്താവളങ്ങളിൽ ഇനി മുതൽ ‘സെക്യൂരിറ്റി ടാഗി’ല്ല

10:55 AM 09/12/2016
download (2)
ന്യൂഡൽഹി: രാജ്യത്തെ അഞ്ച് വിമാനത്താവളങ്ങളിൽ സുരക്ഷാ പരിശോധനക്ക് ശേഷം യാത്രക്കാരുടെ ഹാൻഡ് ബാഗുകളിൽ ‘സെക്യൂരിറ്റി ചെക്ക്ഡ്’ ടാഗ് കെട്ടുന്നത് ഒഴിവാക്കി. ഡൽഹി, കൊൽക്കത്ത, ചെന്നൈ, ഹൈദരാബാദ്, ബംഗളൂരു എന്നീ അന്താരാഷ്ട്ര വിമാനത്താവളങ്ങളിലാണ് വ്യോമയാന മന്ത്രാലയം പൈലറ്റ് പദ്ധതി നടപ്പാക്കിയത്.

പരീക്ഷണാർഥം നടപ്പാക്കിയ പൈലറ്റ് പദ്ധതി വിജയകരമായാൽ മറ്റ് വിമാനത്താവളങ്ങളിലേക്ക് വ്യാപിപ്പിക്കുമെന്ന് വ്യോമയാന സെക്രട്ടറി ആർ.എൻ ചൗധരി വ്യക്തമാക്കി. കൂടാതെ ഇ-ബോർഡിങ് കാർഡുകൾ യാത്രക്കാർക്ക് നൽകാനുള്ള പുതിയ പദ്ധതിയും വ്യോമയാന മന്ത്രാലയം നടപ്പാക്കാൻ തീരുമാനിച്ചിട്ടുണ്ട്.

സുരക്ഷാ പരിശോധനക്ക് ശേഷം ബോർഡിങ് ഗേറ്റിലെത്തുന്ന പല യാത്രക്കാരുടെയും ഹാൻഡ് ബാഗുകളിൽ നിന്ന് ‘സെക്യൂരിറ്റി ചെക്ക്ഡ്’ ടാഗ് നഷ്ടപ്പെടാറുണ്ട്. ഈ സാഹചര്യത്തിൽ പുതിയ ടാഗ് ലഭിക്കുന്നതിന് സുരക്ഷാ പരിശോധനാ കൗണ്ടറിൽ യാത്രക്കാർ എത്തണം. ഇത് വിമാനം വൈകാൻ കാരണമാകുന്നതായും വ്യോമയാന സെക്രട്ടറി പറഞ്ഞു.

ഏവിയേഷൻ സെക്രട്ടറിയുടെ പുതിയ നിർദേശം വിമാനത്താവളങ്ങളുടെ സുരക്ഷാ ചുമതലയുള്ള സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സ് (സി.ഐ.എസ്.എഫ്)ന് മന്ത്രാലയം കൈമാറി. യാത്രക്കാരുടെ ദേഹ, ബാഗ് പരിശോധനകൾ നടത്തുന്നതും ബോർഡിങ് പാസിലും ക്യാബിൻ ബാഗേജ് ടാഗിലും ‘സെക്യൂരിറ്റ് ചെക്ക്ഡ്’ സീൽ പതിക്കുന്നതും സി.ഐ.എസ്.എഫ് ആണ്.