അഡ്വ. ടോമി കണയംപ്ലാക്കല്‍ സ്കൂട്ടര്‍ അപകടത്തില്‍ മരിച്ചു

09:04 am 26/4/2017


ചങ്ങനാശേരി : രാഷ്ട്രീയ, സാമൂഹിക സാംസ്കാരിക പ്രവര്‍ത്തകന്‍ അഡ്വ. ടോമി കണയംപ്ലാക്കല്‍ (48) സ്കൂട്ടര്‍ അപകടത്തില്‍ മരിച്ചു. കൊല്ലത്ത് യോഗത്തില്‍ പങ്കെടുത്തശേഷം തിങ്കളാഴ്ച രാത്രി ചങ്ങനാശേരിയിലെത്തി തൃക്കൊടിത്താനത്തുള്ള വീട്ടിലേക്കു മടങ്ങുമ്പോഴായിരുന്നു അപകടം. വാഴൂര്‍ റോഡിലെ മേല്‍പ്പാലത്തില്‍നിന്നു ഫാത്തിമാപുരത്തേക്കുള്ള റെയില്‍വേ ഗുഡ്‌സ്‌ഷെഡ് റോഡില്‍ ക്ലൂണി പബ്ലിക് സ്കൂളിനു സമീപം സ്കൂട്ടര്‍ നിയന്ത്രണം വിട്ട് ഓടയിലേക്കു മറിയുകയായിരുന്നു.

രാത്രി വൈകിയിട്ടും വീട്ടിലെത്താതെ വന്നതോടെ ഭാര്യ നിഷ ഫോണില്‍ വിളിച്ചെങ്കിലും സ്വിച്ച് ഓഫായിരുന്നു. വിവരമറിയിച്ചതിനെ തുടര്‍ന്നു സുഹൃത്തുക്കളും പൊലീസും അഗ്‌നിശമനസേനയും രാത്രി തന്നെ തിരച്ചില്‍ ആരംഭിച്ചു. ഇന്നലെ പുലര്‍ച്ചയോടെയാണ് മൃതദേഹം കണ്ടെത്തിയത്. സ്കൂട്ടര്‍ നെഞ്ചിലേക്കു മറിഞ്ഞ നിലയിലാണ് കാണപ്പെട്ടത്. കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം മൃതദേഹം ചെത്തിപ്പുഴ സെന്റ് തോമസ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഇന്ന് ഏഴിനു കുരിശുംമൂട് റേഡിയോ മീഡിയ വില്ലേജില്‍ പൊതുദര്‍ശനത്തിനു വച്ചശേഷം തൃക്കൊടിത്താനം നാല്‍ക്കവലയിലുള്ള വീട്ടിലെത്തിക്കും.

സംസ്കാരം മൂന്നിനു തൃക്കൊടിത്താനം സെന്റ് സേവ്യേഴ്‌സ് ഫൊറോനാ പള്ളിയില്‍. ഭവനത്തിലെ ശുശ്രൂഷകള്‍ക്ക് ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പൗവത്തിലും ദേവാലയത്തിലെ ശുശ്രൂഷകള്‍ക്ക് ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടവും സഹായമെത്രാന്‍ മാര്‍ തോമസ് തറയിലും കാര്‍മികത്വം വഹിക്കും. ഭാര്യ നിഷ നാലുകോടി വെട്ടിക്കാട് കുഴിയടിയില്‍ കുടുംബാംഗവും ചങ്ങനാശേരി സെന്റ് ജോസഫ് എല്‍പി സ്കൂള്‍ അധ്യാപികയുമാണ്. ക്ലൂണി പബ്ലിക് സ്കൂള്‍ പത്താം ക്ലാസ് വിദ്യാര്‍ഥി ടോംസ് ഏക മകനാണ്. അതിരൂപത പാസ്റ്ററല്‍ കൗണ്‍സില്‍ അംഗം, കോണ്‍ഗ്രസ് ബ്ലോക്ക് സെക്രട്ടറി, റോട്ടറി ക്ലബ് പ്രസിഡന്റ്, റോട്ടറി ക്ലബ്ബിന്റെ ഡിസ്ട്രിക്ട് പിആര്‍ഒ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.