07:45 pm 24/3/2017
കാസർകോട്: ചൂരിയിൽ മദ്രസ അധ്യാപകൻ റിയാസ് മൗലവിയുെട കൊലപാതകവുമായി ബന്ധപ്പെട്ട് മൂന്നു പ്രതികളും പൊലീസ് പിടിയിലായി. എന്നാൽ പ്രതികളുടെ വിവരങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല. ബൈക്കിലെത്തിയാണ് കൊല നടത്തിയതെന്ന് പ്രതികൾ പൊലീസിനോട് പറഞ്ഞതായാണ് സൂചന. പ്രതികൾ സഞ്ചരിച്ച ബൈക്കും സംഭവ ദിവസം ധരിച്ച വസ്ത്രങ്ങളും മറ്റും കണ്ടെടുത്തശേഷം ഉച്ചക്കായിരിക്കും അറസ്റ്റ് രേഖപ്പെടുത്തുക. പ്രദേശത്ത് സംഘർഷ സാധ്യത മുന്നിൽ കണ്ട് കൊലപാതക കാരണം പൊലീസ് പുറത്തുവിട്ടിട്ടില്ല.
മാർച്ച് 21നാണ് കുടക് എരുമാട് സ്വദേശിയും ചൂരി ഇസ്സത്തുൽ ഇസ്ലാം മദ്റസ അധ്യാപകനുമായ റിയാസ് മൗലവി(34)യെ പഴയ ചൂരി മുഹിയുദ്ദീന് ജുമാമസ്ജിദിനോട് ചേർന്നുള്ള കിടപ്പുമുറിയിൽ വെട്ടിക്കൊലപ്പെടുത്തിയത്. തിങ്കളാഴ്ച അർധരാത്രി 12.15ഒാടെയായിരുന്നു സംഭവം. മൗലവി കൊല്ലപ്പെട്ട ദിവസംതന്നെ മറ്റൊരു കേസിലെ പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇയാളെ ചോദ്യം ചെയ്തപ്പോഴാണ് േകസിൽ മൂന്നുപേർക്ക് പങ്കുണ്ടെന്ന് സൂചന ലഭിച്ചത്. ആദ്യം കസ്റ്റഡിയിലെടുത്തയാളെ കൃത്യത്തിൽ പങ്കില്ലെന്ന് കണ്ടതിനെ തുടർന്ന് വിട്ടയച്ചു. കൃത്യം നിർവഹിച്ച മൂന്നുപേരും മുമ്പ് കൊലക്കേസിൽ പെടാത്തവരാണെന്നും പറയുന്നു.
സംഘർഷ സാധ്യത മുന്നിൽ കണ്ട് രണ്ടു താലൂക്കുകളിലും രാത്രികാല ബൈക്ക് സർവിസ് നിരോധിച്ചിരുന്നു. വാട്സ് ആപ്, ഫേസ്ബുക് തുടങ്ങിയ സമൂഹ മാധ്യമങ്ങളിൽ നിരീക്ഷണം ശക്തമാക്കിയ പൊലീസ്, കുറ്റകരവും പ്രകോപനപരവുമായ സന്ദേശങ്ങൾ പ്രചരിപ്പിക്കുന്ന ഗ്രൂപ്പുകളുടെ അഡ്മിൻമാർക്കെതിരെ നടപടി സ്വീകരിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. കണ്ണൂര്‍ ക്രൈംബ്രാഞ്ച് എസ്.പി ഡോ. എ. ശ്രീനിവാസ്, മാനന്തവാടി ജോയൻറ് എസ്.പി ജി. ജയ്ദേവ്, മലപ്പുറം ഡി.സി.ആര്.ബി ഡിവൈ.എസ്.പി എം.പി. മോഹനചന്ദ്രന് നായര്‍, തളിപ്പറമ്പ് സി.ഐ പി.കെ. സുധാകരൻ, ഹോസ്ദുര്‍ഗ് സി.ഐ സി.കെ. സുനില്‍ കുമാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം നടത്തിയത്. കാസര്‍കോട് ഡിവൈ.എസ്.പി എം.വി. സുകുമാരന്‍, സി.ഐ അബ്ദുൽ റഹീം എന്നിവരും അന്വേഷണ സംഘത്തിനൊപ്പമുണ്ട്.