07:00 pm 7/4/2017
ആലപ്പുഴ: ചേർത്തലയിൽ +2 വിദ്യാർത്ഥി അനന്തുവിനെ മർദ്ദിച്ച് കൊന്ന കേസിൽ 17 പ്രതികളുണ്ടെന്ന് പൊലീസ്. ഇതിൽ ഏഴ് പേർ പ്രായപൂർത്തി ആകാത്തവരാണ്. ഒരു പ്രതി ഒഴികെ മറ്റെല്ലാവരേയും പിടികൂടി. ആസൂത്രിതമായ ക്രൂര കൊലപാതകത്തിന് മുൻവരാഗ്യമാണ് കാരണമെന്നും പൊലീസ് അറിയിച്ചു. കൊലപാതകങ്ങളിൽ പ്രതിഷേധിച്ച് യു ഡി എഫും എൽഡി എഫും ജില്ലയിൽ ആഹ്വാനം ചെയ്ത ഹർത്താൽ പൂർണ്ണമാണ്.
ക്ഷേത്ര ഉത്സവത്തിനെത്തിയ അനന്തു അശോകിനെ മുൻകൂട്ടി തയ്യാറാക്കിയ പദ്ധതിയനുസരിച്ച് കൊലപ്പെടുത്തിയെന്നാണ് പൊലീസ് ഭാഷ്യം. കൊലപാതകം ആസൂത്രിതമായിരുന്നു. കൊല നടന്ന ദിവസം അനന്തുവിനെ പലയിടത്തും വച്ച് ആക്രമിക്കാൻ സംഘം ശ്രമിച്ചു. ഒടുവിൽ ക്ഷേത്രത്തിലെത്തിയപ്പോൾ കൊലപ്പെടുത്തി. സ്കൂൾ പരിസരത്ത് വച്ച് സഹപാഠികളും പുറത്തുള്ളവരും ചേർന്ന് പെൺകുട്ടികളെ ശല്യം ചെയ്തത് അനന്തുവിന്റെ നേതൃത്വത്തിൽ ചോദ്യം ചെയ്തിരുന്നു. അവിടെ തുടങ്ങിയ പകയാണ് കൊലയിൽ കലാശിച്ചത്.
സംഭവത്തിൽ ബി ജെ പി – ആർ എസ് എസ് പ്രവർത്തകരായ 17 പേരാണ് പ്രതികൾ. ഹീനമായ കുറ്റകൃത്യം ചെയ്തതിനാൽ 17 വയസ്സുള്ള 7 പ്രതികളേയും മുതിർന്നവരായി കണക്കാക്കണമെന്ന് ആവശ്യപ്പെട്ട് സി ജെ എമ്മിന് പൊലീസ് അപേക്ഷ നൽകി. കുറ്റാരോപിതർക്കെതിരെ കൊലപാതകം, ക്രിമിനൽ ഗൂഢാലോചന, കലാപത്തിനായി സംഘം ചേരുക തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. കൊലപാതകങ്ങളിൽ പ്രതിഷേധിച്ച് എൽ ഡി എഫും യു ഡി എഫും ജില്ലയിൽ ആഹ്വാനം ചെയ്ത ഹർത്താലിൽ കടകമ്പോളങ്ങൾ അടഞ്ഞ് കിടന്നു. പൊതുഗതാഗത സംവിധാനവും താറുമാറായി. അക്രമ സംഭവങ്ങളൊന്നും റിപ്പോർട്ട് ചെയ്യപ്പെട്ടില്ല.