കാബൂൾ: അഫ്ഗാനിസ്താനിൽ മൂന്ന് ദിവസമായി തുടരുന്ന കനത്ത ഹിമപാതത്തിൽ മരിച്ചവരുടെ എണ്ണം 135 ആയതായി റിപ്പോർട്ട്. രക്ഷാ പ്രവർത്തനങ്ങളുടെ ചുമതല വഹിക്കുന്ന അഫ്ഗാൻ മന്ത്രാലയ വക്താവ് ഉമർ മുഹമ്മദിയാണ് ഇക്കാര്യം അറിയിച്ചത്.
രാജ്യത്തിെൻറ വ്യത്യസ്തയിടങ്ങളിലുണ്ടായ അപകടത്തിൽ 150ലേറെ വീടുകൾ തകർന്നു. 550ഒാളം മൃഗങ്ങൾക്ക് ജീവഹാനിയുണ്ടായതായും റിപ്പോർട്ടുണ്ട്. 1000 ഹെക്ടറോളം ഭൂമി കൃഷിക്ക് അനുയോജ്യമല്ലാതാവുകയും ചെയ്തിട്ടുണ്ട്. രണ്ട് ജില്ലകളിലായി 16 പേർ മരിക്കുകയും എട്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി പർവാൻ വടക്കൻ പ്രവിശ്യ ഗവണർ മുഹമ്മദ് അസീം പറഞ്ഞു.
ദുരന്ത സ്ഥലത്തേക്ക് രക്ഷാ പ്രവർത്തകരെ അയച്ചിട്ടുണ്ടെങ്കിലും മഞ്ഞ് മൂടിക്കിടക്കുന്നതിനാൽ റോഡ് ഗതാഗതം തടസപ്പെട്ടിരിക്കുകയാണ്. വരും ദിവസങ്ങളിൽ മരണ നിരക്ക് ഇനിയും ഉയർന്നേക്കാമെന്നും ഗവർണർ പറഞ്ഞു. ഹിമപാതം കാരണം പാകിസ്താനിലും 13 ആളുകൾ മരിക്കുകയും അഞ്ച് വീടുകൾ തകരുകയും ചെയ്തിട്ടുണ്ട്.

