08:17 am 14/4/2017
അറ്റ്ലാന്‍റാ: ജോർജിയയിലെ അറ്റ്ലാന്‍റാ മെട്രോ ട്രെയിനിലുണ്ടായ വെടിവയ്പിൽ ഒരാൾ മരിച്ചു. മൂന്നു പേർക്ക് പരിക്കേറ്റു. അക്രമിയെ പോലീസ് അറസ്റ്റ് ചെയ്തു.
നഗരത്തിന്‍റെ പടിഞ്ഞാറൻ മേഖലയിൽ പ്രാദേശിക സമയം 4.30നാണ് സംഭവം. ട്രെയിനുള്ളിൽ കയറിയ തോക്കുധാരി യാതൊരു പ്രകോപനവുമില്ലാത്തെ യാത്രക്കാർക്ക് നേർക്ക് തുരുതുരെ വെടിയുതിർക്കുകയായിരുന്നു. വെസ്റ്റ് ലേക്ക് സ്റ്റേഷനിൽ ട്രെയിൻ എത്തിയപ്പോൾ അക്രമിയെ അറസ്റ്റ് ചെയ്തു.
അക്രമിയും ഇരകളും മുപ്പത് വയസിനടുത്തു പ്രായമുള്ളവരാണെന്ന് മെട്രോപോളിറ്റൻ അറ്റ്ലാന്‍റ റാപ്പിഡ് ട്രാൻസിറ്റ് അഥോറിറ്റി ഡെപ്യൂട്ടി ചീഫ് ജോസഫ് ഡോർസെ പറഞ്ഞു. ആക്രമണത്തിന്‍റെ പശ്ചാത്തലത്തിൽ മെട്രോ സ്റ്റേഷൻ താത്കാലികമായി അടച്ചിട്ടു.