ബെയ്ജിംഗ്: ഇന്ത്യയുടെ അനധികൃത ഭരണത്തിൻകീഴിൽ അരുണാചൽ പ്രദേശിലെ ജനങ്ങൾ അസംതൃപ്തരാണെന്നും അരുണാചലിലെ ജനങ്ങൾ ചൈനയിലേക്കു മടങ്ങാൻ ആഗ്രഹിക്കുന്നതായും ചൈനീസ് ഒൗദ്യോഗിക മാധ്യമം റിപ്പോർട്ട് ചെയ്തു. അതിർത്തി സംസ്ഥാനങ്ങളിൽ സന്ദർശനം നടത്താൻ ബുദ്ധമത ആത്മീയാചാര്യൻ ദലൈലാമയെ അനുവദിച്ച ഇന്ത്യൻ സർക്കാർ നടപടിയെയും ചൈന വിമർശിച്ചു.
ഇന്ത്യയുടെ ഭരണത്തിൻകീഴിൽ ദക്ഷിണ ടിബറ്റിലെ ജനങ്ങൾ ബുദ്ധിമുട്ടേറിയ ജീവിതമാണ് നയിക്കുന്നത്. ഇവിടെ വിവിധ തരത്തിലുള്ള വിവേചനങ്ങൾ നിലനിൽക്കുന്നു. ഇന്ത്യയും ചൈനയും തമ്മിലുള്ള അതിർത്തി വിഷയങ്ങളിൽ പ്രശ്നങ്ങളുണ്ടാക്കാനാണ് ദലൈലാമ ശ്രമിക്കുന്നത്. അടുത്തിടെ മാത്രം 20 തവണ താൻ ഇന്ത്യയുടെ പുത്രനാണെന്ന് അദ്ദേഹം പൊതുചടങ്ങുകളിൽ പറഞ്ഞു. അരുണാചലിനെ ഇന്ത്യയ്ക്ക് നൽകുന്ന തരത്തിലുള്ള പ്രവർത്തനങ്ങളാണ് അദ്ദേഹത്തിന്‍േറത്- ചൈനീസ് മാധ്യമം പറയുന്നു. ദലൈലാമയുടെ അരുണാചൽ സന്ദർശനത്തിൽ ഇന്ത്യയ്ക്കെതിരെ നയതന്ത്രതലത്തിലും ചൈന രംഗത്തെത്തിയിട്ടുണ്ട്.