08:22 am 10/4/2017
ചെന്നൈ: പണം നല്‍കി വോട്ട് വാങ്ങുന്നതടക്കമുള്ള ക്രമക്കേടുകള്‍ കണ്ടെത്തിയ സാഹചര്യത്തിലാണ് തെരഞ്ഞെടുപ്പ് റദ്ദാക്കുന്നതെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്‍ വ്യക്തമാക്കി. പുതുക്കിയ തീയതി പിന്നീട് പ്രഖ്യാപിക്കും. തെരഞ്ഞെടുപ്പ് റദ്ദാക്കിയതോടെ ജനാധിപത്യം ഇല്ലാതായി എന്നായിരുന്നു ശശികല പക്ഷം സ്ഥാനാർത്ഥി T.T.V.ദിനകരന്റെ പ്രതികരണം.
ദിവസങ്ങള്‍ നീണ്ട അഭ്യൂഹങ്ങള്‍ക്കും അനിശ്ചിതത്വത്തിനും ഒടുവിലാണ് ആര്‍ കെ നഗര്‍ ഉപതെരഞ്ഞെടുപ്പ് റദ്ദാക്കിക്കൊണ്ട് തെരഞ്ഞെടുപ്പ് കമ്മിഷന്‍ ഉത്തരവിറക്കിയത്. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മണ്ഡലത്തില്‍ വലിയ തോതില്‍ ക്രമക്കേട് കണ്ടെത്തിയ സാഹചര്യത്തിലാണ് തെരഞ്ഞെടുപ്പ് റദ്ദാക്കുന്നതെന്ന് ഉത്തരവില്‍ പറയുന്നു. നീതിപൂര്‍ണമായ തെരഞ്ഞെടുപ്പ് സാധ്യമല്ലെന്ന് നീരീക്ഷകരും റിപ്പോര്‍ട്ട്നല്‍കി. തമിഴ്നാട് ആരോഗ്യമന്ത്രിയുടെ വീട്ടില്‍ നടത്തിയ റെയ്ഡില്‍ ആര്‍ കെ നഗറില്‍ 89 കോടി രൂപ വിതരണം ചെയ്തതിന്‍റെ രേഖകള്‍ കണ്ടെത്തിയ കാര്യവും തെരഞ്ഞെടുപ്പ് കമ്മിഷന്‍ ഉത്തരവില്‍ പറയുന്നുണ്ട്.
വിവിധ കോടതി ഉത്തരവുകളും സമാന സാഹചര്യത്തില്‍ തമിഴ്നാട്ടിലെ 2 മണ്ഡലങ്ങളിലെ തെരഞ്ഞെടുപ്പ് കഴിഞ്ഞ വര്‍ഷം മാറ്റിവച്ചിരുന്നതും ഉത്തരവില്‍ കമ്മിഷന്‍ ചൂണ്ടിക്കാടുന്നു. വോട്ടര്‍മാര്‍ക്ക് പണം വിതരണം ചെയ്യുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നതിന് പിന്നാലെ തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് പല കോണില്‍ നിന്നും ആവശ്യമുയര്‍ന്നിരുന്നതാണ്. മണ്ഡലത്തിലെ നിലവിലെ അവസ്ഥ സംബന്ധിച്ച വിവരങ്ങള്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ നല്‍കുകയും ചെയ്തു.
പുറത്തുവന്ന രേഖകള്‍ വ്യാജമാണെന്നായിരുന്ന ശശികല പക്ഷത്തിന്‍റെ വാദം. പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്നും തെരെഞ്ഞെടുപ്പ് കമ്മിഷന്‍ വ്യക്തമാക്കി. സ്വതന്ത്രവും നീതിപൂര്‍ണവുമായ തെരെഞ്ഞടുപ്പ് നടത്താന്‍ സാഹചര്യം ഒരുങ്ങിയെന്ന് ബോധ്യപ്പെട്ടതിന് ശേഷമേ പുതിയ തീയതി സംബന്ധിച്ച തീരുമാനം കൈക്കൊള്ളൂ.

