07:18 pm 21/4/2017
ചിറ്റൂർ: ആന്ധ്രപ്രദേശിലെ ചിറ്റൂർ ജില്ലയിൽ കർഷകർ നടത്തിയ സമരത്തിനിടയിലേക്ക് ലോറി ഇടിച്ചുകയറി 20 പേർ മരിച്ചു. നിരവധി പേർക്കു പരിക്കേറ്റു. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി പോലീസ് അറിയിച്ചു. നിയന്ത്രണം വിട്ട് ലോറി വൈദ്യുത പോസ്റ്റിലിടിച്ചശേഷം സമരക്കാരുടെ ഇടയിലേക്ക് ഇടിച്ചു കയറുകയായിരുന്നു.
വെള്ളിയാഴ്ച ഉച്ചയ്ക്ക്1.45നായിരുന്നു സംഭവം. പുട്ടലപ്പട്ടു- നായ്ഡുപേട്ട സംസ്ഥാനപാതയുടെ സമീപത്തെ യേരപേഡു പോലീസ് സ്റ്റേഷനു മുന്നിലായിരുന്നു അപകടം. പോലീസ് സ്റ്റേഷനു സമീപം മണൽ മാഫിയയ്ക്കെതിരെ കർഷകർ നടത്തിയ സമരത്തിനിടയിലേക്കാണ് ലോറി ഇടിച്ചു കയറിയത്.
ഡ്രൈവർ മദ്യപിച്ചുരുന്നതായും ലോറിയുടെ അമിതവേഗവും അമിതഭാരവുമാണ് അപകടത്തിനു കാരണമായതെന്നു പോലീസ് പറഞ്ഞു. അപകടത്തിൽനിന്നു രക്ഷപ്പെട്ട ലോറിയുടെ ഡ്രൈവറും ക്ലീനറും ഓടി രക്ഷപ്പെട്ടതായും പോലീസ് അറിയിച്ചു. ആറ് പേർ വാഹനത്തിനടിയിൽപ്പെട്ടും 14 പേർ വൈദ്യുതാഘാതമേറ്റുമാണ് മരിച്ചത്. പരിക്കേറ്റ പത്ത് പേരുടെ നില അതീവ ഗുരുതരമാണെന്നും അധികൃതർ അറിയിച്ചു.
പരിക്കേറ്റവരെ ചെന്നൈ, വെള്ളൂർ, തിരുപ്പതി എന്നിവിടങ്ങളിലെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. അപകടത്തിൽ മരിച്ചവർക്ക് ആന്ധ്ര സർക്കാർ അഞ്ച് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു.