കൻസാസ്: ഇന്ത്യൻ വംശജനെ ആക്രമിക്കുന്നതു തടയാൻ ശ്രമിക്കുന്നതിനിടെ വെടിയേറ്റ അമേരിക്കൻ പൗരന് ഇന്ത്യൻ സമൂഹത്തിന്റെ ആദരവ്. ഹൂസ്റ്റണിലെ ഇന്ത്യൻ-അമേരിക്കൻ അസോസിയേഷനാണ് കൻസാസ് സ്വദേശിയായ ഇയാൻ ഗ്രില്ലറ്റിനെ ആരദിച്ചത്. നന്ദിസൂചകമായി ഒരു ലക്ഷം ഡോളറിന്റെ ചെക്ക് അദ്ദേഹത്തിനു സമ്മാനിച്ചു.
ഫെബ്രുവരി 22ന് അമേരിക്കയിലെ ബാറിലുണ്ടായ വെടിവയ്പിൽ ഇന്ത്യൻ എൻജിനീയറായ ഹൈദരാബാദ് സ്വദേശി ശ്രീനിവാസ് കുച്ചിബോത്ല എന്ന യുവാവ് കൊല്ലപ്പെട്ടിരുന്നു. ശ്രീനിവാസിനൊപ്പമുണ്ടായിരുന്ന ഇന്ത്യക്കാരനായ സുഹൃത്തിനു വെടിയേറ്റു. ഇത് തടയാൻ ശ്രമിക്കുന്നതിനിടെയാണ് ഗ്രില്ലറ്റിന് വെടിയേറ്റത്. കൈയിലും നെഞ്ചിലും വെടിയേറ്റ ഗ്രില്ലറ്റ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. മുൻ നാവികസേനാ ഉദ്യോഗസ്ഥനായ ആഡം പുറിന്േറാനാണ് വെടിവയ്പ് നടത്തിയത്.
ഹൂസ്റ്റണിലെ ഇന്ത്യൻ ഹൗസിൽനടന്ന ചടങ്ങിൽ ഇന്ത്യൻ അംബാസിഡർ നവ്തേജ് സർന ഗ്രില്ലറ്റിന് ചെക്ക് സമ്മാനിച്ചു. യഥാർത്ഥ അമേരിക്കൻ ഹീറോയെന്നാണ് ടെക്സസിലെ ഇന്ത്യക്കാർ ഗ്രില്ലറ്റിനെ വിശേഷിപ്പിച്ചത്.