07:02 pm 26/12/2016
ബാലസോര്‍(ഒഡിഷ): ഇന്ത്യ നിര്‍മിച്ച പ്രഹരശേഷി കൂടിയ ഭൂഖണ്ഡാന്തര മിസൈലായ അഗ്നി 5 വിജയകരമായി പരീക്ഷിച്ചു. ഏഷ്യ മുഴുവനും യൂറോപ്പിലും ആഫ്രിക്കയിലും ഭാഗികമായും അണുവായുധം വഹിച്ച് ലക്ഷ്യംഭേദിക്കാന്‍ അഗ്നി 5ന് കഴിയും. 5500 കിലോ മീറ്റര്‍ മുതല്‍ 5800 കിലോമീറ്റര്‍ വരെ ദൂരം പ്രഹരശേഷിയുള്ള അഗ്നി 5ന്‍െറ നാലാമത്തെയും അവസാനത്തെയും പരീക്ഷണ വിക്ഷേപണം അബ്ദുല്‍ കലാം ദ്വീപില്‍ ( വീലര്‍ ദ്വീപ്) തിങ്കളാഴ്ച രാവിലെ 11.05നാണ് നടന്നത്. 2015 ജനുവരിയില്‍ നടത്തിയ പരീക്ഷണത്തില്‍ ചില തകരാറുകള്‍ കണ്ടത് പരിഹരിച്ചായിരുന്നുചൈനക്ക് വന്‍ഭീഷണിയാകുന്ന മിസൈലിന്‍െറ വിക്ഷേപണം.
17 മീറ്റര്‍ നീളവും 50 ടണ്‍ ഭാരവുമുള്ള അഗ്നി 5യില്‍ ഒരു ടണ്ണിലേറെ ആണവപോര്‍മുനകള്‍ വഹിക്കാം. നിലവിലുള്ള റഡാര്‍ സംവിധാനങ്ങളുടെ കണ്ണില്‍പ്പെടാതിരിക്കാനുള്ള കഴിവും ഈ അത്യാധുനിക ആണവവാഹക മിസൈലിനുണ്ട്. ചൈനയെ പൂര്‍ണമായും വരുതിയിലാക്കുന്ന അഗ്നി 5 അങ്ങകലെ ജര്‍മനി, ഗ്രീസ്, സുഡാന്‍ തുടങ്ങിയ രാജ്യങ്ങളിലും എത്താന്‍ പര്യാപ്തമാണ്. ഭൂഖണ്ഡാന്തര മിസൈലുകള്‍ നിര്‍മിക്കുന്ന യു.എസ്, ചൈന, യു.കെ, ഫ്രാന്‍സ്, റഷ്യ എന്നീ വന്‍ശക്തികളുടെ സൂപ്പര്‍ എക്സ്ക്ളൂസീവ് ക്ളബിലും ഇന്ത്യ ഇടം ഉറപ്പിച്ചു.
ഡിഫന്‍സ് റിസര്‍ച്ച് ആന്‍റ് ഡവലപ്മെന്‍റ് ഓര്‍ഗനൈസേഷന്‍ (ഡി.ആര്‍.ഡി.ഒ) ആണ് മിസൈല്‍ നിര്‍മിച്ചത്. ഡി.ആര്‍.ഡി.ഒ ശാസ്ത്രജ്ഞരെ രാഷ്ട്രപതി പ്രണബ് മുഖര്‍ജി, പ്രധാനമന്ത്രി നരേന്ദ്ര മോദി, പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കര്‍ എന്നിവര്‍ അനുമോദിച്ചു.