ഇര്‍വിംഗില്‍ വിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ ഓര്‍മ്മപ്പെരുന്നാള്‍ കൊണ്ടാടുന്നു

07:40 pm 28/4/2017
– ഷാജി രാമപുരം


ഡാലസ്: ഇര്‍വിംഗ് സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്സ് ദേവാലയത്തിന്റെ മധ്യസ്ഥനും ദേശത്തിന്റെ കാവല്‍ പിതാവും സഹദേന്മാരുടെ കിരീടവുമായ വിശുദ്ധ ഗീവര്‍ഗ്ഗീസ് സഹദായുടെ ഓര്‍മ്മ പെരുന്നാള്‍ മേയ് മാസം 5, 6, 7 (വെള്ളി, ശനി, ഞായര്‍) തീയതികളില്‍ വിവിധ ആദ്ധ്യാത്മീക പരിപാടികളോടെ കൊണ്ടാടുന്നു.

നിലക്കല്‍ ഭദ്രാസന അധിപന്‍ അഭിവന്ദ്യ ഡോ. ജോഷ്വാ മാര്‍ നിക്കോദിമോസ് മെത്രപ്പോലീത്തയുടെ മുഖ്യ കാര്‍മ്മികത്വത്തില്‍ നടത്തപ്പെടുന്ന പെരുന്നാളില്‍ പ്രശസ്ത സുവിശേഷ പ്രസംഗകന്‍ റവ.ഫാ.പി.എ.ഫിലിപ്പ് വചനഘോഷണം നടത്തുന്നതാണ്. വെള്ളി, ശനി ദിവസങ്ങളില്‍ വൈകീട്ട് 6.30 നു സന്ധ്യാ നമസ്കാരവും, തുടര്‍ന്ന് ഗാനശുശ്രൂഷയും, വചന ശുശ്രൂഷയും, മെയ് 7 ഞായറാഴ്ച രാവിലെ 8.30 നു പ്രഭാത നമസ്കാരവും തുടര്‍ന്ന് വിശുദ്ധ കുര്‍ബാന ശുശ്രൂഷയും നടക്കും. ശനി, ഞായര്‍ ദിവസങ്ങളില്‍ പ്രദിക്ഷിണവും, ഞായറാഴ്ച നേര്‍ച്ച വിളമ്പും പെരുന്നാള്‍ സദ്യയും ഉണ്ടായിരിക്കും.

നോര്‍ത്ത് ടെക്സാസില്‍ വിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ നാമത്തില്‍ ഉള്ള ഏക് ദേവാലയമായ ഇവിടെ ജാതി-മത-വിശ്വാസ ഭേദമെന്യേ അനേകര്‍ പെരുന്നാളില്‍ സംബന്ധിച്ച് അനുഗ്രഹം പ്രാപിക്കുന്നു. ദേശത്തിന്റെ ഉത്സവം കൂടി ആയ ഈ പെരുന്നാളിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി പെരുന്നാള്‍ കമ്മറ്റി അറിയിച്ചു.പെരുന്നാള്‍ നടത്തിപ്പിന് ഇടവക മാനേജിങ് കമ്മറ്റിയും ഇടവകയില്‍ വിവിധ ആത്മീയ സംഘടനകളും ഉള്‍പ്പെട്ട വിപുലമായ കമ്മറ്റിയുടെ നേതൃത്വത്തില്‍ ആവശ്യമായ ക്രമീകരണങ്ങള്‍ ചെയ്തു വരുന്നു. പെരുന്നാളിന് തുടക്കം കുറിച്ചു കൊണ്ട് ഏപ്രില്‍ 30 ഞായറാഴ്ച ഇടവക വികാരി റവ.ഫാ.തമ്പാന്‍ വര്‍ഗീസ് കൊടിയേറ്റ് നടത്തും.