ടെഹ്റാൻ: അമേരിക്കയുടെ ഉപരോധം ഗൗനിക്കാതെ ഒരാഴ്ച മുന്പ് ഇറാൻ ബാലിസ്റ്റിക് മിസൈൽ പരീക്ഷിച്ചതായി റിപ്പോർട്ട്.ഇറാൻ റെവലൂഷണറി ഗാർഡ് മേധാവി ജനറൽ അമിർ ഹാജിസദയെ ഉദ്ധരിച്ച് ഫാർസ് വാർത്താ ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ടു ചെയ്തത്. 250 കിലോമീറ്റർ ദൂരംവരെ ചെന്നെത്താവുന്ന ഹോർമുസ് 2 മിസൈൽ വിജയകരമായി പരീക്ഷിച്ചതെന്നാണ് റിപ്പോർട്ട്.
അതേസമയം, ഇറാൻ റെവലൂഷണറി ഗാർഡ് ബാലിസ്റ്റിക് മിസൈൽ പരീക്ഷണം നടത്തിയിട്ടില്ലെന്ന് തസ്നിം വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. പ്രതിരോധശേഷി വർധിപ്പിക്കുന്നതിനായി ഇറാൻ ബാലിസ്റ്റിക് മിസൈൽ പരീക്ഷിക്കാൻ തീരുമാനിച്ചിരുന്നുവെങ്കിലും അമേരിക്കയുടെ എതിർപ്പ് പ്രകടിപ്പിച്ചതോടെ തീരുമാനം പിൻവലിച്ചതായി തസ്നിം റിപ്പോർട്ടിൽ പറയുന്നു.

