12:37pm 2/1/2017

കണ്ണൂർ: മുസ്ലീം ലീഗ് ദേശീയ അധ്യക്ഷനും എം.പിയുമായിരുന്ന ഇ. അഹമ്മദിന്റെ ഭൗതികശരീരം ഖബറടക്കി. 12 മണിയോടെ ജന്മനാടായ കണ്ണൂരിലെ സിറ്റി ജുമാ മസ്ജിദ് ഖബര്‍സ്ഥാനിൽ ഔദ്യോഗിക ബഹുമതികളോടെയാണ് ചടങ്ങുകള്‍ നടന്നത്. മയ്യിത്ത് നമസ്കാരത്തിന് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ നേതൃത്വം നൽകി. വൻ ജനാവലിയാണ് അന്ത്യകർമ്മങ്ങൾക്ക് സാക്ഷ്യം വഹിക്കാൻ കണ്ണൂരിലെത്തിയത്.
കഴിഞ്ഞ ദിവസം രാത്രി കോഴിക്കോടു നിന്ന് കണ്ണൂർ താണയിലെ വസതിയിലെത്തിച്ച മൃതദേഹം കണ്ണൂർ കോർപ്പറേഷൻ ഒാഫീസിലും സിറ്റി ദീനുൽ ഇസ്‍ലാം സഭ ഹയർസെക്കൻഡറി സ്കൂൾ അങ്കണത്തിലും പൊതുദർശനത്തിന് വെച്ചിരുന്നു.
ചൊവ്വാഴ്ച പാര്‍ലമെന്റിലെ സെന്‍ട്രല്‍ ഹാളില്‍ രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിനിടെ കുഴഞ്ഞുവീണ അദ്ദേഹത്തെ റാം മനോഹര്‍ ലോഹ്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ബുധനാഴ്ച പുലര്‍ച്ചെ രണ്ടേകാലിന് മരണം സ്ഥിരീകരിക്കുകയുമായിരുന്നു.
