03:51 PM 7/1/2017

തിരുവനന്തപുരം: ബന്ധു നിയമന കേസിൽ മുൻ മന്ത്രി ഇ.പി ജയരാജനെതിരെ തുടരന്വേഷണത്തിന് വിജിലൻസ് കോടതിയുടെ അനുമതി. ജയരാജനെ ഒന്നാം പ്രതിയാക്കി വിജിലൻസ് അന്വേഷണ സംഘം സമര്‍പ്പിച്ച എഫ്.ഐ.ആര് വിജിലന്‍സ് പ്രത്യേക കോടതി ഫയലിൽ സ്വീകരിച്ചു. ജയരാജനു പുറമെ പി.കെ. ശ്രീമതി എം.പിയുടെ മകന് സുധീര്‍ നമ്പ്യാര്‍, വ്യവസായ വകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറി പോള്‍ ആന്റണി എന്നിവരാണ് മറ്റു പ്രതികൾ. അഴിമതി നിരോധന നിയമത്തിലെ 13(1) (ഡി) ,13(2) എന്നിവക്കുപുറമെ ഗൂഢാലോചനക്കുറ്റവും ഇവര്‍ക്കെതിരെ ചുമത്തിയിട്ടുണ്ട്.
ശ്രീമതിയുടെ മകന് സുധീര്‍ നമ്പ്യാരെ കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ എന്റര്‍പ്രൈസസ് എം.ഡിയായി നിയമിച്ചതാണ് വലിയ രാഷ്ട്രീയ വിവാദമായി മാറിയതും വ്യവസായമന്ത്രിയായിരുന്ന ഇ.പി. ജയരാജന്‍െറ രാജിയില്‍ കലാശിച്ചതും. നിയമനത്തിനായി സുധീര്‍ അപേക്ഷ സമര്‍പ്പിച്ചിരുന്നില്ല. അതുമാത്രമല്ല, എം.ഡി നിയമനത്തിന് നിഷ്കര്‍ഷിച്ചിരുന്ന യോഗ്യതയും ഉണ്ടായിരുന്നില്ല. എന്നിട്ടും ജയരാജന് സ്വന്തം കൈപ്പടയില്‍ ഫയലില്‍ രേഖപ്പെടുത്തിയ നിര്‍ദേശപ്രകാരം സുധീര്‍ നമ്പ്യാരെ നിയമിക്കുകയായിരുന്നെന്നാണ് വിജിലന്‍സ് കണ്ടത്തെിയത്. അതിനു പുറമെ, അഡീഷനല്‍ ചീഫ് സെക്രട്ടറി പോള്‍ ആന്റണി അധ്യക്ഷനായ ‘റിയാബ് ’ തയാറാക്കിയ പട്ടിക അട്ടിമറിച്ചായിരുന്നു നിയമനമെന്നും കണ്ടത്തെിയിട്ടുണ്ട്. ജയരാജന്‍െറ ഭാര്യാ സഹോദരിയാണ് ശ്രീമതി.
