ഈ വര്‍ഷത്തെ മെഡിക്കല്‍ കാര്യത്തില്‍ ആശയകുഴപ്പം

10:45 am 18/3/2017

download (1)

തിരുവനന്തപുരം: ഈ വര്‍ഷത്തെ മെഡിക്കല്‍ കോഴ്‌സുകളിലേക്കുള്ള ഫീസിന്റെ കാര്യത്തില്‍ കടുത്ത ആശയക്കുഴപ്പം. മുഴുവന്‍ സീറ്റിലും നീറ്റ് പരീക്ഷ മാനദണ്ഡമാക്കുമ്പോള്‍ വ്യത്യസ്ത ഫീസ് ഏര്‍പ്പെടുത്താനാകുമോ എന്നുള്ളതാണ് പ്രശ്‌നം. ഫീസ് നിശ്ചയിക്കുന്നതിന് മുന്നോടിയായി മുഖ്യമന്ത്രി തിങ്കളാഴ്ച സര്‍വ്വകക്ഷി യോഗം വിളിച്ചു.
സര്‍ക്കാറും മാനേജ്‌മെന്റും ഇതുവരെ നടത്തിവന്ന പ്രവേശന നടപടികളെല്ലാം ഈ വര്‍ഷം മാറും. എല്ലാ സീറ്റിലും നീറ്റ് എന്ന ഏകീകൃത പരീക്ഷയുടെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ പ്രവേശനം നടത്തും. കേന്ദ്ര ആരോഗ്യമന്ത്രാലയവും മെഡിക്കല്‍ കൗണ്‍സിലും ഉത്തരവിറക്കിക്കഴിഞ്ഞു. മാനേജ്‌മെന്റുകളുടെ പ്രവേശനതട്ടിപ്പിന് നീറ്റ് കടിഞ്ഞാണിടുമെങ്കിലും ഫീസിലാണ് പ്രശ്‌നം. നീറ്റ് റാങ്ക് പട്ടിക മാനദണ്ഡമാക്കുമ്പോള്‍ ഒറ്റ ഫീസ് വേണ്ടിവരും. നീറ്റ് നിര്‍ബന്ധമാക്കിയ ഉത്തരവില്‍ ഫീസില്‍ വ്യക്തതയില്ലെങ്കിലും ഏകീകൃത ഫീസ് നടപ്പാക്കേണ്ടിവരുമെന്നാണ് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരുടെ അഭിപ്രായം. നിലവില്‍ സ്വാശ്രയ കോളേജില്‍ നാലുതരം ഫീസാണ്. അതെല്ലാം മാറ്റി ഏകീകൃത ഫീസ് നിശ്ചയിക്കലാണ് പ്രശ്‌നം. ഒരു വശത്ത് മാനേജ്‌മെന്റിന്റെ സ്വന്തം നിലക്കുള്ള പ്രവേശനത്തിന് തടയിടുമ്പോള്‍ മറുഭാഗത്ത് സ്വാശ്രയ കോളേജില്‍ ഒരു നിശ്ചിത ശതമാനത്തിന് സര്‍ക്കാര്‍ ഫീസില്‍ പഠിക്കാമെന്ന അവസരം ഇല്ലാതാകുന്നു. മാനേജ്‌മെന്റുകളാകട്ടെ ഏകീകൃത ഫീസാണെങ്കില്‍ വന്‍തുകയാണ് ആവശ്യപ്പെടുന്നത്. സര്‍ക്കാര്‍ മേല്‍നോട്ടത്തിലുള്ള പ്രവേശന നടപടി കോടതിയില്‍ ചോദ്യം ചെയ്യാനാണ് ചിലരുടെ നീക്കം. ആശയക്കുഴപ്പം പരിഹരിക്കാന്‍ തിങ്കളാഴ്ച മുഖ്യമന്ത്രി സര്‍വ്വകക്ഷിയോഗം വിളിച്ചിട്ടുണ്ട്. ഈ യോഗത്തിന് ശേഷം ഫീസില്‍ തീരുമാനമുണ്ടാകുമെന്ന് പ്രവേശന മേല്‍നോട്ട സമിതി അധ്യക്ഷന്‍ ജസ്റ്റിസ് രാജേന്ദ്രബാബു ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.