06:44 pm 3/3/2017
കെയ്‌വ്: ഉക്രെയിനിലെ കൽക്കരി ഖനിയിലുണ്ടായ പൊട്ടിത്തെറിയിൽ 10 പേർ മരിച്ചു. സംഭവത്തിൽ പരിക്കേറ്റ 19 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഉക്രെയിനിലെ ലിവിവ് മേഖലയിലെ സ്റ്റെപ്നയ കൽക്കരി ഖനിയിലാണ് പൊട്ടിത്തെറി ഉണ്ടായത്. സംഭവ സമയത്ത് 35ഓളം പേരാണ് ഖനിയിൽ ജോലികളിലേർപ്പെട്ടിരുന്നത്. ഉക്രെയിൻ പ്രധാനമന്ത്രി വ്ലോദിമിർ ഗ്രോയ്സ്മാന്‍റെ ഓഫീസാണ് ഇക്കാര്യം ഔദ്യോഗികമായി പുറത്തുവിട്ടത്.
സംഭവസ്ഥലം സന്ദർശിച്ച പ്രധാനമന്ത്രി, പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നവരെ ആശുപത്രിയിലെത്തി കാണുമെന്നും അദ്ദേഹത്തിന്‍റെ ഓഫീസ് വൃത്തങ്ങൾ അറിയിച്ചു. ഖനിയിലുണ്ടായ സ്ഫോടനത്തിന്‍റെ അടിസ്ഥാനത്തിൽ രാജ്യത്തെ മറ്റ് കൽക്കരി ഖനികളും പരിശോധനയ്ക്ക് വിധേയമാക്കുമെന്ന് ഉക്രെയ്ൻ പ്രസിഡന്‍റ് പെട്രോ പൊരോഷെൻകോ പറഞ്ഞു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചെന്ന് ഉക്രെയ്ൻ പോലീസും അറിയിച്ചു.
1978ലാണ് സ്റ്റെപ്നയ കൽക്കരി ഖനി പ്രവർത്തനമാരംഭിച്ചത്. അപകട സാധ്യതയേറിയ കൽക്കനിയാണിതെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ട്.

