സോൾ: അമേരിക്കയുമായുള്ള സംഘർഷം രൂക്ഷമായിരിക്കെ ഉത്തരകൊറിയ വീണ്ടും ബാലിസ്റ്റിക് മിസൈൽ പരീക്ഷിച്ചു. ദക്ഷിണകൊറിയയെ ഉദ്ധരിച്ച് യോൻഹാപ് ന്യൂസ് എജൻസിയാണ് പരീക്ഷണം റിപ്പോർട്ട് ചെയ്തത്. മിസൈൽ പരീക്ഷണം പരാജയമായിരുന്നുവെന്ന് അമേരിക്കയും ദക്ഷിണകൊറിയയും അവകാശപ്പെട്ടു.
ഉത്തരകൊറിയയുമായി ബന്ധപ്പെട്ടുള്ള പ്രശ്നങ്ങൾ സംഘർഷത്തിൽ കലാശിക്കുമെന്ന് പ്രസിഡൻറ് ട്രംപ് മുന്നറിയിപ്പ് നൽകിയതിന് പിന്നാലെയാണ് ഉത്തരകൊറിയയുടെ മിസൈൽ പരീക്ഷണം. ഉത്തരകൊറിയയുടെ നടപടി മോശമാണെന്നും പരീക്ഷണത്തിലൂടെ ചൈനയുടെ ഏറെ ആദരിക്കുന്ന പ്രസിഡൻറിനെയാണ് കൊറിയ അപമാനിച്ചതെന്നും ട്രംപ് ട്വിറ്ററിൽ കുറിച്ചു.
ഉത്തരകൊറിയയുടെ മധ്യദൂര ബാലിസ്റ്റിക് മിസൈൽ കൊറിയൻ അതിർത്തി കടക്കുന്നതിന് മുമ്പ് തകർന്നു വീഴുകയായിരുന്നുവെന്ന് അമേരിക്കയും ദക്ഷിണകൊറിയയും അവകാശപ്പെട്ടത്. മിസൈൽ പരീക്ഷണത്തിെൻറ പശ്ചാത്തലത്തിൽ കാര്യങ്ങൾ സൂക്ഷ്മമായി നിരീക്ഷിച്ച് വരികയാണെന്ന് വൈറ്റ് ഹൗസ് അറിയിച്ചു.