11:32 AM 03/01/2017

വാഷിങ്ടൻ: ഉത്തരകൊറിയയുടെ ആണവ ഭീഷണിയെ പരിഹസിച്ചും ചെറുതാക്കി കാണിച്ചും നിയുക്ത യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. അമേരിക്കക്ക് ഭീഷണിയാകുന്ന ആണവ മിസൈൽ വികസിപ്പിക്കാൻ ഉത്തര കൊറിയ പോകുന്നില്ലെന്ന് ട്രംപ് ട്വിറ്ററിലൂടെ വ്യക്തമാക്കി. അമേരിക്കയിലെത്താൻ ശേഷിയുള്ള ദീർഘദൂര ബാലിസ്റ്റിക് മിസൈൽ പരീക്ഷണം അവസാന ഘട്ടത്തിലാണെന്ന ഉത്തരകൊറിയയുടെ അവകാശവാദത്തോടാണ് ട്രംപിന്റെ മറുപടി.
പിന്നാലെ ചൈനക്കെതിരെയും ട്രംപ് ആഞ്ഞടിച്ചു. അമേരിക്കയിൽ നിന്ന് ധാരാളം സമ്പത്ത് ചൈനയിലേക്ക് ഒഴുകുന്നുണ്ടെന്നും ഈ ഒഴുക്ക് ഒരുവശത്തേക്ക മാത്രമേയുള്ളുവെന്നും ഇക്കാര്യത്തിൽ ഉത്തര കൊറിയ ഒരു തരത്തിലും അവരെ സഹായിക്കുന്നുമില്ലെന്നും ട്രംപ് വ്യക്തമാക്കി.
തൻെറ രാജ്യം ഒരു ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈൽ നിർമ്മാണത്തിലെ അവസാനഘട്ടങ്ങളിൽ ആണെന്ന് ഉത്തര കൊറിയൻ ഭരണാധികാരി കിം ജോങ് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. ഇതിനാണ് ട്രംപ് മറുപടി നൽകിയത്. ഒരു ആണവ രാഷ്ട്രമായി ഉത്തര കൊറിയയെ അംഗീകരിക്കാൻ ഒരിക്കലും വാഷിംഗ്ടൺ തയ്യാറായിട്ടില്ല. ഏറ്റവും ഗുരുതരമായ അന്താരാഷ്ട്ര സുരക്ഷാ പ്രശ്നങ്ങളിൽ ട്രംപ് ഇതിനകം പതിവായി പ്രസ്താവനകൾ നടത്തുകയും തൻെറ രീതികൾ പരസ്യമായി പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്.
