08:19 am 22/4/2017
വാഷിംഗ്ടൺ: അമേരിക്കയടക്കമുള്ള രാജ്യങ്ങളുടെ എതിർപ്പ് അവഗണിച്ച് മിസൈൽ പരീക്ഷണം നടത്തുകയും പ്രകോപനം സൃഷ്ടിക്കുകയും ചെയ്യുന്ന ഉത്തരകൊറിയൻ നടപടികൾ സംബന്ധിച്ച് ചർച്ച ചെയ്യാനൊരുങ്ങി ട്രംപ് ഭരണകൂടം. ഇതിനായി മുഴുവൻ സെനറ്റർമാരുടെയും യോഗം ചേരാനാണ് തീരുമാനം. അടുത്തയാഴ്ച 100 സെനറ്റർമാരും പങ്കെടുക്കുന്ന യോഗം വൈറ്റ്ഹൗസിൽ വച്ച് നടക്കുമെന്നാണ് വിവരങ്ങൾ. എന്നാൽ ഇതിനുള്ള കൃത്യമായ തീയതി നിശ്ചയിച്ചിട്ടില്ല.
വിദേശകാര്യ സെക്രട്ടറി റക്സ് ടില്ലേഴ്സൺ, പ്രതിരോധ സെക്രട്ടറി ജെയിംസ് മാറ്റിസ്, ദേശീയ രഹസ്യാന്വേഷണ വിഭാഗം തലവൻ ഡാൻ കോട്ട്സ് തുടങ്ങിയവരാണ് വിഷയം സംബന്ധിച്ച ചർച്ചകൾക്ക് നേതൃത്വം നൽകുക. ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ കൗൺസിൽ തീരുമാനങ്ങൾക്ക് വിരുദ്ധമായ നിലപാടുകളാണ് ഉത്തരകൊറിയ സ്വീകരിക്കുന്നതെന്ന് ട്രംപ് ഭരണകൂടം ചൂണ്ടിക്കാട്ടുന്നു. അതിനാൽ ഇതിനെ എതിർത്തു തോൽപിക്കേണ്ടതിനെക്കുറിച്ച് യോഗം ചർച്ച ചെയ്യുമെന്നാണ് വിവരങ്ങൾ.