വാഷിങ്ടൺ: കഴിഞ്ഞദിവസം ആണവ അന്തർവാഹിനിയായ യു.എസ്.എസ് മിഷിഗൺ ദക്ഷിണ െകാറിയൻ തീരത്തെത്തിച്ചതിനു പിന്നാലെ, മേഖലയിൽ മിസൈൽ പ്രതിരോധ സംവിധാനം സ്ഥാപിക്കുന്നതിനുള്ള നടപടികളും ട്രംപ് ഭരണകൂടം ആരംഭിച്ചു. ഉത്തര കൊറിയയുടെ ഭാഗത്തുനിന്ന് മിസൈൽ ആക്രമണമുണ്ടായാൽ അതിനെ ചെറുക്കുന്നതിനാണ് അത്യാധുനിക സംവിധാനം ഇവിടെയൊരുക്കുന്നതെന്ന് ദക്ഷിണ കൊറിയ പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി.
ദ ടെർമിനൽ ഹൈ ആൾട്ടിറ്റ്യൂഡ് ഏരിയ ഡിഫൻസ് (താഡ്) എന്നറിയപ്പെടുന്ന ഇൗ സംവിധാനത്തിന് എതിരെ വരുന്ന ആയുധങ്ങളുടെ ഗതികോർജത്തെ പൂർണമായും പ്രതിരോധിക്കാൻ കഴിയും. മധ്യ-ഹ്രസ്വദൂര മിസൈലുകളെയാണ് ഇത് പ്രധാനമായും ലക്ഷ്യംവെക്കുന്നത്. 200 കിലോമീറ്റർ ദൂരപരിധിയിലും 150 കിലോമീറ്റർ ഉയരത്തിലും പ്രവർത്തിക്കാനാകുമെന്നതും ഇതിെൻറ പ്രത്യേകതയാണ്. ഉത്തര കൊറിയയുടെ ആക്രമണം മുൻകൂട്ടിക്കണ്ട് ഹവായിയിലും പടിഞ്ഞാറൻ പസഫിക്കിലെ ഗുവാമിലും ഇൗ സംവിധാനം ഇതിനകം സ്ഥാപിച്ചിട്ടുണ്ട്. ദക്ഷിണ കൊറിയൻ തീരത്ത് ഇത് സ്ഥാപിക്കാൻ നേരത്തേ ഇരു രാജ്യങ്ങളും ധാരണയായിരുന്നു.
അതിനിടെ, താഡ് സ്ഥാപിക്കുന്നതിനെതിരെ തദ്ദേശീയർ രംഗത്തു വന്നിട്ടുണ്ട്. താഡിനെതിരെ നടന്ന പ്രതിഷേധ പ്രകടനം അക്രമാസക്തമായി. ചൈനയും താഡ് സ്ഥാപിക്കുന്നതിനെതിരെ നേരത്തേ രംഗത്തുവന്നിരുന്നു. ഇത്തരം നീക്കങ്ങൾ മേഖലയെ അസ്ഥിരപ്പെടുത്തുമെന്നാണ് ചൈനയുടെ നിലപാട്.
നയതന്ത്ര തലത്തിലും ഉത്തര കൊറിയക്കെതിരായുള്ള നീക്കം അമേരിക്ക ശക്തമാക്കിയിട്ടുണ്ട്. ബുധനാഴ്ച വൈറ്റ്ഹൗസിൽ നടന്ന സെനറ്റ് അംഗങ്ങളുടെ അസാധാരണ യോഗം ഇതിെൻറ ഭാഗമായിട്ടാണ്. പൂർവേഷ്യയിൽ ഉത്തര കൊറിയയുടെ പ്രധാന സഖ്യകക്ഷിയായ ചൈനയെ അടർത്തിയെടുക്കാനും യു.എസ് ശ്രമിക്കുന്നുണ്ട്. ജപ്പാെൻറ പിന്തുണ ഉറപ്പാക്കാനും സാധിച്ചിട്ടുണ്ട്.