11:29 am 15/12/2016
കൊച്ചി: മുഖ്യമന്ത്രിയായിരിക്കെ ഉമ്മൻ ചാണ്ടി സരിത എസ് നായരെ തൻറെ ഫോണിലൂടെ ബന്ധപ്പെട്ടിരുന്നതായി മുൻ ഗണ്‍മാൻ സലീംരാജ്. അറസ്റ്റിലാവുന്നതിൻറെ തലേദിവസം സരിത ക്ലിഫ് ഹൗസിലെ ലാൻറ് ഫോണില്‍ വിളിച്ചിരുന്നു. എന്നാല്‍ അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന എഡിജിപി ഹേമച്ചന്ദ്രനോട് ഇക്കാര്യം അറിയിച്ചിട്ടും രേഖപ്പെടുത്തിയില്ലെന്ന് സലീംരാജ് സോളാര്‍ കമ്മീഷനില്‍ മൊഴി നല്‍കി.
മുഖ്യമന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടിയുമായി സംസാരിക്കാൻ സരിത എസ് നായര്‍ സ്റ്റാഫ് അംഗങ്ങളുമായി നിരന്തരം ബന്ധപ്പെടാറുണ്ടായിരുന്നതായും സലീംരാജ് സോളാര്‍ കമ്മീഷനില്‍ മൊഴി നല്‍കി.താൻ ഡ്യൂട്ടിയിലുളളപ്പോഴും അല്ലാത്തപ്പോഴും വിളിക്കും.ഡ്യൂട്ടിയിലില്ലെങ്കില്‍ മുഖ്യമന്ത്രിക്കൊപ്പം ഡ്യൂട്ടിയിലുളളയാളുടെ നമ്പര്‍ കൊടുക്കും.
ജിക്കുവിൻറെ നമ്പറും കൊടുത്തിട്ടുണ്ട്. സരിത ഫോണിലൂടെ ഉമ്മൻ ചാണ്ടിയുമായി സംസാരിച്ചിരുന്നത് രാഷ്ട്രീയമാണോ ബിസിനസാണോ വ്യക്തിപരമായ കാര്യമാണോ എന്ന് അറിയില്ല. സരിതയുടെ 416 കോളുകള്‍ ഫോണിലെത്തി. ഇതില്‍ കൂടുതലും ഉമ്മൻ ചാണ്ടിയോട് സംസാരിക്കാനായിരുന്നു.
സോളാര്‍ കേസന്വേഷിച്ച ഉദ്യോഗസ്ഥര്‍ തന്നെ മോശപ്പെടുത്താനാണ് ശ്രമിച്ചത്.ഹേമചന്ദ്രൻ തന്നെ ചോദ്യം ചെയ്തപ്പോള്‍ മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ട ഒന്നും ചോദിച്ചിട്ടില്ല. പറഞ്ഞ കാര്യങ്ങള്‍ രേഖപ്പെടുത്തിയതുമില്ല. സരിത സോളാര്‍ കമ്മീഷനില്‍ സമര്‍പ്പിച്ച പെൻഡ്രൈവിലുളള ഒരു ഫോണ്‍ സംഭാഷണം തന്റേതുതെന്നെയാണെന്നും സലീംരാജ് സമ്മതിച്ചു. ബിജു രാധാകൃഷ്ണനും ഉമ്മൻ ചാണ്ടിയും എറണാകുളം ഗസ്റ്റ് ഹൗസില്‍ വെച്ച് കണ്ടിരുന്നു. ടീം സോളാരിൻറെ പേരിലാണ് ബിജുവെത്തിയത്.കൂടിക്കാഴ്ചയെ കുറിച്ച് സരിത തന്നെ വിളിച്ചു ചോദിച്ചിരുന്നു.ക്ലിഫ് ഹൗസിലേക്ക് സരിത വിളിച്ചത് മുഴുവൻ തന്നെയായിരുന്നില്ലെന്നും സലീംരാജ് കമ്മീഷനെ അറിയിച്ചു.

