എകെ ശശീന്ദ്രനെ ഫോണ്‍കെണിയില്‍ പെടുത്തിയ കേസില്‍ ചാനല്‍ മേധാവി അടക്കം അഞ്ചുപേര്‍ അറസ്റ്റില്‍

08:08 am 5/4/2017

തിരുവനന്തപുരം: മുന്‍മന്ത്രി എകെ ശശീന്ദ്രനെ ഫോണ്‍കെണിയില്‍ പെടുത്തിയ കേസില്‍ ചാനല്‍ മേധാവി അടക്കം അഞ്ചുപേര്‍ അറസ്റ്റില്‍. ചാനലിലെ മാധ്യമ പ്രവര്‍ത്തകരാണ് അറസ്റ്റിലായവര്‍ എല്ലാം. ചാനല്‍ സിഇഒ അജിത്ത് കുമാര്‍, ഇന്‍വെസ്റ്റിഗേഷന്‍ വിഭാഗം തലവന്‍ ജയചന്ദ്രന്‍ എന്നിവര്‍ അറസ്റ്റിലായവരിലുണ്ട്. പ്രത്യേക അന്വേഷണ സംഘം നോട്ടീസ് നൽകിയ പ്രകാരം എട്ടു പേർ ഇന്നു രാവിലെ ക്രൈം ബ്രാഞ്ച് ആസ്ഥാനത്ത് ഹാജരാവുകയായിരുന്നു. മന്ത്രിയെ ഫോൺ വിളിച്ചതായി സംശയിക്കുന്ന പെൺകുട്ടിയും ചാനൽ ഡയറക്ടറും ഹാജരായില്ല.
അറസ്റ്റ് തടയണമെന്ന പ്രതികളുടെ ആവശ്യം ഹൈക്കോടതി അന്നലെ നിരാകരിച്ചതോടെയാണ് ഇവര്‍ ഹാജരായത്. ക്രൈം ബ്രാഞ്ച് ഐ ജി ദിനേന്ദ്ര കഷ്യപിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് ഇവരെ ചോദ്യം ചെയ്തത്. പിന്നീട് ചാനല്‍ ചെയര്‍മാനെയും വാര്‍ത്ത വായിച്ച വനിത മാധ്യമ പ്രവര്‍ത്തകയെയും പോലീസ് വിട്ടയച്ചു, പിന്നീട് വീണ്ടും ചോദ്യം ചെയ്തപ്പോഴാണ് എഴുപേരില്‍ രണ്ടുപേരെ വിട്ടയച്ച് ബാക്കിയുള്ളവരെ അറസ്റ്റ് ചെയ്തത്. അറസ്റ്റിലായവരെ നാളെ കോടതിയില്‍ ഹാജറാക്കും.
ജാമ്യമില്ലാ വകുപ്പുകൾ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. അതേസമയം വാഹനത്തിൽ നിന്നും മൊബൈൽ ഫോണും ലാപ്ടോപ്പും മോഷണം പോയതായി ചൂണ്ടിക്കാട്ടി ചാനൽ മേധാവി ഇന്നലെ രാത്രി മ്യൂസിയം പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. പരാതി ലഭിച്ചിട്ടുണ്ടെന്നും സംഭവത്തിന്റെ നിജസ്ഥിതി അന്വേഷിക്കണമെന്നും പൊലീസ് പറഞ്ഞു.