01:59 pm 4/4/2017
വാഷിംഗ്ടണ്‍: എച്ച് 1 ബി വീസ ദുരുപയോഗപ്പെടുത്തുന്നതിന് എതിരേ യുഎസ് ആഭ്യന്തര വകുപ്പ് നടപടികൾ കർശനമാക്കി. യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ തെരഞ്ഞെടുപ്പ് വാഗ്ദാനം നടപ്പാക്കുന്നതിന്‍റെ ഭാഗമായാണ് നടപടി. വരും ദിവസങ്ങളിൽ നടപടികൾ കൂടുതൽ കർശനമാക്കുമെന്ന് വൈറ്റ് ഹൗസ് അറിയിച്ചു.
പ്രത്യേക വൈദഗ്ധ്യം ആവശ്യമുള്ള തൊഴിലുകളിൽ ഏർപ്പെടാൻ വിദേശികൾക്ക് അമേരിക്ക നൽകുന്ന താത്കാലിക വീസയാണ് എച്ച് വൺ ബി. എന്നാൽ യുഎസിൽ ഇത്തരം ജോലിക്കാർ ഇല്ലെങ്കിൽ മാത്രമെ പുറത്ത് നിന്ന് റിക്രൂട്ട് ചെയ്യാവൂ എന്നാണ് പുതിയ നിർദേശം. രാജ്യത്തിനകത്തും പുറത്തുമുള്ള സ്ഥാപനങ്ങൾ വീസയെ ദുരുപയോഗപ്പെടുത്തുന്നു എന്ന ആക്ഷേപം ശക്തമായ സാഹചര്യത്തിലാണ് നിർദേശം. നേരത്തെയും നിർദേശമുണ്ടായിരുന്നുവെങ്കിലും കർശനമാക്കിയിരുന്നില്ല.
ഇന്ത്യയിലെ പ്രമുഖ ഐടി കമ്പനികൾ അമേരിക്കയിൽ എച്ച് വൺ ബി വീസ ഉപയോഗിച്ചാണ് ജോലിക്കാരെ എത്തിക്കുന്നത്. വീസ നിയമം കർശനമാക്കുന്നത് ഇന്ത്യയിലെ ഐടി പ്രൊഫഷണലുകൾക്ക് തിരിച്ചടിയാണ്. എന്നാൽ എച്ച് വണ്‍ ബി വീസയിലെ അപേക്ഷകരെ കണ്ടെത്താനുള്ള ലോട്ടറി സംവിധാനം ഈ സാന്പത്തിക വർഷവും തുടരാൻ തീരുമാനമായിരുന്നു.