എടപ്പാടി പളനിസാമിയെ ഗവർണർ ഇന്ന് മന്ത്രിസഭ രൂപീകരിക്കാൻ ക്ഷണിച്ചേക്കുമെന്നാണ് റിപ്പോർട്ടുകൾ.

11:16 am 16/2/2017

images

ചെന്നൈ: തമിഴ്നാട്ടിൽ നിലനിന്നിരുന്ന രാഷ്ട്രീയ അനിശ്ചിതത്വത്തിന് അവസാനം. അണ്ണാ ഡിഎംകെ നിയമസഭാ കക്ഷി നേതാവ് എടപ്പാടി പളനിസാമിയെ ഗവർണർ മന്ത്രിസഭ രൂപീകരിക്കാൻ ക്ഷണിച്ചു. ഇന്നു വൈകുന്നേരം അഞ്ചിന് പളനിസാമി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുമെന്നാണ് റിപ്പോർട്ടുകൾ. 15 ദിവസത്തിനകം പളനിസാമി നിയമസഭയിൽ ഭൂരിപക്ഷം തെളിയിക്കണമെന്നാണ് ഗവർണറുടെ നിർദേശം.

ഗവർണർക്ക് ലഭിച്ച നിയമോപദേശം കൂടി കണക്കിലെടുത്താണ് അദ്ദേഹം പളനിസാമിയെ മന്ത്രിസഭ രൂപീകരിക്കാൻ ക്ഷണിച്ചത്. തമിഴ്നാട്ടിൽ കഴിഞ്ഞ രണ്ടു മാസത്തിനിടെ മൂന്നാമത്തെ മുഖ്യമന്ത്രിയാണ് പളനിസാമി. അതേസമയം, ഗവർണർ പളനിസാമിയെ സത്യപ്രതിജ്ഞക്കായി ക്ഷണിച്ചതോടെ അണ്ണാ ഡിഎംകെ പിളർപ്പിലേക്കു നീങ്ങുകയാണ്. കാവൽ മുഖ്യമന്ത്രി പനീർശെൽവത്തിന്‍റെ അടുത്ത നീക്കം നിർണായകമായിരിക്കും. 12 എംഎൽഎമാർ പ്രത്യക്ഷത്തിൽ പനീർശെൽവത്തിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. 124 എംഎൽഎമാർ ഒപ്പമുണ്ടെന്ന അവകാശവാദമാണ് ശശികല ക്യാന്പ് ഉന്നയിക്കുന്നത്.

സർക്കാർ രൂപവത്കരണവുമായി ബന്ധപ്പെട്ട് പളനിസാമിയെ ഇന്നു രാവിലെ ഗവർണർ സി. വിദ്യാസാഗർ റാവു രാജ്ഭവനിലേക്കു വിളിച്ചുവരുത്തിയിരുന്നു. അഞ്ച് എംഎൽഎമാർക്കൊപ്പമാണ് പളനിസാമി ഗവർണറെ കാണാൻ എത്തിയത്. ബുധനാഴ്ച വൈകിട്ട് പളനിസാമിയും കാവൽ മുഖ്യമന്ത്രി ഒ. പനീർശെൽവവും രാജ്ഭവനിലെത്തി ഗവർണറെ കണ്ടിരുന്നു. കഴിഞ്ഞ ദിവസം എംഎൽഎമാരുടെ എണ്ണത്തിലെ നിജസ്ഥിതി ഗവർണറെ ബോധ്യപ്പെടുത്താൻ ഇരുപക്ഷത്തിനും കഴിഞ്ഞിരുന്നില്ല. ഇതിനെ തുടർന്നാണ് പളനിസാമി ഇന്നു വീണ്ടും ഗവർണറെ കണ്ടത്.