എനിക്കീ പണം വേണ്ട എനിക്ക്‌ അവനെ വേണം’; ആശുപത്രിയില്‍ അലയടിക്കുന്നത്‌ ജിഷയുടെ അമ്മയുടെ നിലവിളി

2:58pm 4/5/2016
1462349682_jisha
പെരുമ്പാവൂര്‍ : പെരുമ്പാവൂര്‍ താലൂക്ക്‌ ആശുപത്രിയിലെത്തുന്ന ആരുടെയും കണ്ണുനനയിക്കുന്നതാണ്‌ ക്രൂരപീഡനത്തിന്‌ ഇരയായി കൊല്ലപ്പെട്ട ജിഷയുടെ അമ്മ രാജേശ്വരിയുടെ നിലവിളി. ജിഷയുടെ കുടുംബത്തിന്‌ കളക്‌ടര്‍ പ്രഖ്യാപിച്ച അടിയന്തിര ധനസഹായമായ 5000 രൂപ കൈമാറാന്‍ ആശുപത്രിയിലെത്തിയ റവന്യൂ ഉദ്യോഗസ്‌ഥര്‍ക്ക്‌ മുന്നിലും രാജേശ്വരി അലറിക്കരഞ്ഞു.
‘എനിക്കീ പണം വേണ്ട…, എന്റെ രണ്ടു പെണ്‍മക്കള്‍ക്ക്‌ സുരക്ഷിതമായി താമസിക്കാനുള്ള വീടുണ്ടാക്കാന്‍ എന്നെയാരും സഹായിച്ചില്ല…പതിനാറാമത്തെ വയസ്സില്‍ എന്റെ മൂത്ത മോളെ ഒരാള്‍ കൊണ്ടുപോയതു മുതല്‍ നെഞ്ചില്‍ തീയാണ്‌ സാറേ… പുറത്തുള്ള ആരുമല്ല അവളോട്‌ ഇതുചെയ്‌തത്‌. ഞാന്‍ വീട്ടിലില്ലെങ്കില്‍ പരിചയമില്ലാത്ത ആരുവന്നാലും ജിഷ വാതില്‍ തുറക്കില്ല. മോള്‍ക്ക്‌ നന്നായി അറിയാവുന്ന ഒരാളാണ്‌ ഇത്‌ ചെയ്‌തത്‌. പണമല്ല, അവനെയാണ്‌ നിങ്ങള്‍ എനിക്ക്‌ കൊണ്ടുവന്നു തരേണ്ടത്‌…’
ജിഷയുടെ ചേച്ചിയെ പതിനാറാമത്തെ വയസില്‍ വിവാഹം കഴിച്ചയാള്‍ കുഞ്ഞ്‌ ജനിച്ചതോടെ അവരെ ഉപേക്ഷിക്കുകയായിരുന്നു. മൂത്ത മകള്‍ക്കുവേണ്ടി നടത്തിയ നിയമയുദ്ധങ്ങള്‍ പരാജയപ്പെട്ടതിന്റെ വേദനയിലായിരുന്നു എത്ര കഷ്‌ടപ്പെട്ടും ജിഷയെ നിയമപഠനത്തിന്‌ വിടാന്‍ രാജേശ്വരി തീരുമാനിച്ചത്‌. താന്‍ അഭിഭാഷകയാകുന്നതോടെ അമ്മയുടെ സങ്കടങ്ങളെല്ലാം തീരുമെന്ന്‌ ജിഷ ഇടയ്‌ക്കിടെ പറയാറുണ്ടായിരുന്നു.
എന്നാല്‍, അടച്ചുറപ്പില്ലാത്ത വീട്ടില്‍ പ്രായപൂര്‍ത്തിയായ മകളെ ചേര്‍ത്തുപിടിച്ച്‌ കഴിഞ്ഞിരുന്ന രാജേശ്വരി കഴിഞ്ഞ 28 ന്‌ കൂലിപ്പണിയ്‌ക്ക് പോയി തിരിച്ചെത്തിയപ്പോള്‍ കണ്ടത്‌ പിച്ചിചീന്തപ്പെട്ട മകളുടെ ശരീരമായിരുന്നു.